Press Club Vartha

തിരുവനന്തപുരം ഹാപ്പിലാന്‍റ് അമ്യൂസ്മെന്‍റ് പാര്‍ക്ക് അപകടം; വിശദമായ പരിശോധനയ്ക്ക് പൊലീസ്; നാല് പേർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്തെ ഹാപ്പിലാന്‍റ് അമ്യൂസ്മെന്‍റ് പാർക്കിൽ റൈഡ് തകർന്നു വീണ് 5 പേർക്ക് പരുക്കേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. വെഞ്ഞാറമൂട് പൊലീസാണ് കേസെടുത്തത്. പാർക്കിന്റെ ചെയർമാൻ,സൂപ്പർവൈസർ, ഓപ്പറേറ്റർ, ഇലക്ട്രീഷ്യൻ എന്നിവർക്കെതിരെയാണ് വെഞ്ഞാറമൂട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അപകടത്തില്‍ വിശദമായ പരിശോധന നടത്താന്‍ പൊലീസ്. സ്വങ് ചെയർ‌ സുരക്ഷാ സംവിധാനമില്ലാതെ പ്രവർത്തിച്ചെന്ന് എഫ്ഐആറിൽ‌ പറയുന്നു. കളക്ടർക്ക് അപകടം സംബന്ധിച്ച റിപ്പോർട്ട് നൽകും. ബോധപൂർവം മനുഷ്യ ജീവന് ഹാനിയുണ്ടാക്കുന്നതിനിടയാക്കിയെന്ന വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

അപകടകാരണം, സുരക്ഷാ സംവിധാനങ്ങളിലെ വീഴ്ച, പ്രവര്‍ത്തന മാനദണ്ഡങ്ങളുടെ ലംഘനം എന്നിവയ്ക്ക് പുറമെ നാട്ടുകാര്‍ ഉന്നയിച്ച ആരോപണങ്ങളും പൊലീസ് പരിശോധിക്കും. മാത്രമല്ല വിദേശത്തുള്ള പാര്‍ക്ക് ഉടമയെ ബന്ധപ്പെടാനും ജീവനക്കാരുടെ മൊഴി രേഖപ്പെടുത്താനുമുള്ള നടപടികളും പൊലീസ് ആരംഭിക്കും.

അപകടത്തിന് പിന്നാലെ അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ സുരക്ഷാസംവിധാനങ്ങള്‍ സംബന്ധിച്ച് വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. അപകടം ഉണ്ടായി മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. സുരക്ഷാ സംവിധാനങ്ങൾ പാർക്കിൽ ഇല്ലായിരുന്നു. ആംബുലൻസ് എത്താൻ വൈകിയെന്നും പ്രദേശവാസികൾ പറഞ്ഞു.

Share This Post
Exit mobile version