
തൃശ്ശൂർ: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. അതിരപ്പിള്ളി വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 65 കാരന് ദാരുണാന്ത്യം. കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ആനയുടെ ആക്രമണം.
ഇന്ന് പുലര്‍ച്ചെ രണ്ടേമുക്കാലിനാണ് സംഭവം. ആനയെ ഓടിക്കുന്നതിനിടെ കാട്ടാന മോഹനനെ നേരെ പാഞ്ഞടുത്ത് ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ മോഹനനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രദേശത്ത് നിരന്തരം കാട്ടാന ശല്യം ഉള്ള മേഖലയാണ്. മോഹനന്റെ വീട്ടുവളപ്പിൽ കഴിഞ്ഞ ദിവസവും കാട്ടാന എത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.
