
തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരൻ്റെ കൊലപാതകത്തിൽ പ്രതികരിച്ച് പ്രതിയുടെ അമ്മ. അറസ്റ്റിലായ അമ്മ അഖിലയുടെ അമ്മ റീനയാണ് പ്രതികരണവുമായി രംഗത്തെത്തിയത്. അഖിലയുടെ പങ്കാളി അഷ്കർ കുഞ്ഞിനെ ഉപദ്രവിച്ചിരുന്നു. മാത്രമല്ല അഷ്കറിനെ കാണുമ്പോൾ കുഞ്ഞ് കരയുമായിരുന്നുവെന്നും റീന മാധ്യമങ്ങളോട് പറഞ്ഞു.
അഖിലയും എല്ലാത്തിനും കൂട്ടുനിന്നുവെന്നും റീന വ്യക്തമാക്കി.പല തവണ കുഞ്ഞിനെ തന്നെ ഏൽപ്പിക്കാൻ റീന അഖിലയോട് പറഞ്ഞിരുന്നു. എന്നാൽ അഖില അതിനു സമ്മതിച്ചിരുന്നില്ല. അഖില മകളാണെന്ന് പറയാൻ പോലും നാണക്കേടാണെന്നും റീന വ്യക്തമാക്കി.
അതേസമയം അഷ്‌കർ കൊടും ക്രിമിനൽ ആണെന്നാണ് ആദ്യഭാര്യ ആമിനയുടെ മാതാവ് ഷജീല ബീവി പറയുന്നത്. അഷ്കറിന്റെ കണ്ണില്ലാക്രൂരതയിൽ ആദ്യഭാര്യ ആമിനയുടെ ശരീരമാകെ തളർന്ന നിലയിലാണ്. പലതവണ ഭിത്തിയിലിടിപ്പിച്ചും, കെട്ടിത്തൂക്കിയും, വായിൽ വിഷമൊഴിച്ചും , കിണറ്റിലിട്ടും അഷ്കർ ആമിനെയെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും അവർ പറയുന്നു.
വിവാഹം കഴിഞ്ഞ ആദ്യ ആഴ്ച മുതൽ മകളെ ശാരീരികമായി ഉപദ്രവിച്ചു. മകളെ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചു.അഷ്‌കറും, മാതാവും, സഹോദരിയും മർദിച്ച് ഫാനിൽ കെട്ടി തൂക്കാൻ ശ്രമിച്ചു. ഓട്ടോറിക്ഷയിൽ നിന്നും തള്ളി ഇടാൻ ശ്രമിച്ചുവെന്നും അവർ പറയുന്നു.
