
അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ
കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷം 24 മുതൽ 31 വരെ ആനതാഴ്‌ചിറയിൽ വിപുലമായ പരിപാടികളോടെ നടക്കും. ഓണാഘോഷത്തോടനുബന്ധിച്ച് ബോട്ടിങ്ങ്, നാടൻ പാട്ട്, ചെണ്ടമേളം, ഗാനമേള, കോമഡി ഷോ, ഡിജെ, മാജിക് ഷോ, കുടുംബശ്രീ അംഗങ്ങളുടെ കൈകൊട്ടിക്കളി, മറ്റ് വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറും. ഓഗസ്റ്റ് 24-ന് രാവിലെ 8:30-ന് കാരമൂടിൽ നിന്നും ആനതാഴ്ചിറയിലേക്ക് സാംസ്കാരിക ഘോഷയാത്രയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് രാവിലെ 9:30-ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർച്ചന ആർ. സ്വാഗതം ആശംസിക്കും. നെടുമങ്ങാട് എം.എൽ.എ ജി. ആർ. അനിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബഹു. മന്ത്രി പി. സി. വിഷ്‌ണുനാഥ് ഓണാഘോഷം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭുവനേന്ദ്രൻ നായർ, ജില്ലാ പഞ്ചായത്ത് മെമ്പർ മാഹാണി ജസീം, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ, മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിക്കും. രാവിലെ 11 മണിക്ക് ബഡ്‌സ് സ്കൂളിലെ കുട്ടികളുടെ കലാവിരുന്നും തുടന്ന് നാടൻപാട്ടും ഉണ്ടാകും. തുടർന്നുള്ള ദിവസങ്ങളിൽ വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 25-ന് വൈകുന്നേരം 6 മണിക്ക് ദഫ്‌മുട്ടും രാത്രി 8 മണിക്ക് കൊല്ലം ഷാഫി നയിക്കുന്ന ഗാനമേളയും രാത്രി 9 മണിക്ക് ഡോ. വിഷ്ണു കലാർപ്പണ അവതരിപ്പിക്കുന്ന ‘ആട്ട കലാശം’ ഫ്യൂഷൻ ഡാൻസും നടക്കും. ഓഗസ്റ്റ് 26-ന് വൈകുന്നേരം 6 മണിക്ക് ഷംനാദ് തിരുവള്ളൂർ അവതരിപ്പിക്കുന്ന കലാപരിപാടികളും രാത്രി 8 മണിക്ക് ഡിജെ ഫോക്സും അരങ്ങേറും. ഓഗസ്റ്റ് 27-ന് രാത്രി 8 മണിക്ക് മാജിക്ക് ഷോയും, ഓഗസ്റ്റ് 28-ന് വൈകുന്നേരം 6 മണി മുതൽ പഞ്ചായത്തിലെ വിവിധ ടീമുകൾ അണിനിരക്കുന്ന കൈകൊട്ടിക്കളിയും ‘പൊൻ വസന്തം’ പരിപാടിയും നടക്കും. ഓഗസ്റ്റ് 29-ന് വൈകുന്നേരം 6 മണിക്ക് കുടുംബശ്രീ അംഗങ്ങളുടെ ‘ചിങ്ങനിലാവ്’, ഓഗസ്റ്റ് 30-ന് രാത്രി 8 മണിക്ക് തിരുവനന്തപുരം നർമ്മകല അവതരിപ്പിക്കുന്ന ‘മാർവലസ് കോമഡി ട്രീറ്റ്’ കോമഡി ഷോയും ഉണ്ടായിരിക്കും. ഓഗസ്റ്റ് 31 വൈകുന്നേരം 4:30-ന് സമാപന സമ്മേളനവും മതസൗഹാർദ്ദ കൂട്ടായ്‌മയും നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർച്ചന ആർ. അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി എ. പി. അനിൽകുമാർ, അടൂർ പ്രകാശ് എം.പി. എന്നിവർ പങ്കെടുക്കും. തുടർന്ന് രാത്രി 7 മണിക്ക് കൊച്ചു കലാകാരി ആര്യപ്രസാദും പിതാവ് പ്രിയ പ്രസാദും അവതരിപ്പിക്കുന്ന ഫ്യൂഷൻ ഷോയും രാത്രി 8 മണി മുതൽ ‘ഡിജെ നൈറ്റും നടക്കുന്നതോടെ ആഘോഷങ്ങൾക്ക് സമാപനമാകും.
