Press Club Vartha

പീഡന പരാതിയില്‍ പി സി ജോര്‍ജ്ജിന് ജാമ്യം

തിരുവനന്തപുരം: പീഡനപരാതിയില്‍ അറസ്റ്റിലായ മുന്‍ എംഎല്‍എ പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. സോളാര്‍ കേസ് പ്രതിയായ യുവതിയുടെ പരാതിയിലാണ് മ്യൂസിയം പൊലീസ് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ജോര്‍ജിന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണത്തോട് സഹകരിക്കണം, ആവശ്യപ്പെട്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം, പരാതിക്കാരിയെ സ്വാധീനിക്കരുത് എന്നതുള്‍പ്പെടെയുള്ള ഉപാധികളോടെയാണ് ജാമ്യം.

ഇന്ത്യന്‍ ശിക്ഷാനിയമം 354,354 എ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജോര്‍ജ് യുവതിയെ ഫെബ്രുവരി പത്തിനാണ് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാനെന്ന പേരില്‍ തൈക്കാട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയത്. മകനും ഓട്ടോ ഡ്രൈവര്‍ക്കുമൊപ്പം ഗസ്റ്റ്ഹൗസിലെത്തിയ പരാതിക്കാരിയെ ജോര്‍ജ് 404-ാം നമ്പര്‍ മുറിയിലേക്ക് വിളിപ്പിച്ചു. മകനെ ഡ്രൈവര്‍ക്കൊപ്പം പുറത്തിരുത്തി. പിന്നീട് ജോര്‍ജ് ലൈംഗിക ചുവയോടെ സംസാരിക്കുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു.

വിസമ്മതിച്ചതോടെ ബലപ്രയോഗം നടത്തുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. സ്വപ്നാ സുരേഷും പി സി ജോര്‍ജും പ്രതികളായ കേസില്‍ ചോദ്യംചെയ്യലിനായി പി സി ജോര്‍ജിനെ പ്രത്യേകാന്വേഷണ സംഘം ഇന്നലെ രാവിലെ വിളിച്ചുവരുത്തിയിരുന്നു. അതിനിടെയാണ് പരാതിക്കാരി മ്യൂസിയം പൊലീസ് സിഐക്ക് പരാതി നല്‍കിയത്.

പ്രത്യേകാന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യല്‍ കഴിഞ്ഞയുടന്‍ ഫോര്‍ട്ട് അസി. കമ്മിഷണര്‍ വി എസ് ബിനുരാജിന്റെ നേതൃത്വത്തില്‍ ജോര്‍ജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Share This Post
Exit mobile version