തിരുവനന്തപുരം: എ.പി.ജെ അബ്ദുള്‍കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകര്‍ക്കിടയില്‍ നിന്ന് മികച്ചവരെ കണ്ടെത്തി ആദരിച്ച് ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജി ടെക്. തെരഞ്ഞെടുത്ത വിഷയങ്ങളില്‍ അധ്യാപകര്‍ സമര്‍പ്പിച്ച വീഡിയോ ക്ലാസുകള്‍ വിലയിരുത്തിയാണ് ജി ടെക് മികച്ച അധ്യാപകരെ തെരഞ്ഞെടുത്തത്. ജി ടെക്കിന്റെ ക്യാപസ് ഇനിഷ്യേറ്റീവായ മ്യൂ ലേണിന്റെ ഭാഗമായി നടത്തിയ മത്സരത്തില്‍ നൂറിലധികം അധ്യാപകരാണ് പങ്കെടുത്തത്.
2021ലെ അധ്യാപക ദിനത്തില്‍ പ്രഖ്യാപിച്ച മത്സരത്തിലെ വിജയികളെ കെ.ടി.യു വൈസ് ചാന്‍സലര്‍ ഡോ. എം.എസ് രാജശ്രീ പ്രഖ്യാപിച്ചു. കമ്പനികളും ഐ.ടി മേഖലയും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വലിയ അവസരം തുറന്നിടുന്നതിനാണ് ജി ടെക് തുടക്കമിട്ടതെന്ന് ഡോ. എം.എസ് രാജശ്രീ പറഞ്ഞു. കാലത്തിനും തൊഴിലവസരങ്ങള്‍ക്കും അനുസൃതമായി അധ്യാപകരും അധ്യാപനവും മാറേണ്ടതിന്റെ ആവശ്യകത തിരിച്ചറിയാനും ഈ മത്സരം കാരണമായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ടോണി വര്‍ഗീസ് (അമല്‍ ജ്യോതി കോളേജ് ഓഫ് എഞ്ചിനിയറിങ്) ഒന്നാം സ്ഥാനവും, അനുരൂപ് കെ.ബി (ആദി ശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയറിങ് ആന്‍ഡ് ടെക്‌നോജളി) രണ്ടാം സ്ഥാനവും, ദിവ്യ മോഹനന്‍ (എം.ഇ.എസ് കോളേജ് ഓഫ് എഞ്ചിനിയറിങ് കുറ്റിപ്പുറം) മൂന്നാം സ്ഥാനവും നേടി.
ടെക്‌നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ജി ടെക് സെക്രട്ടറിയും ടാറ്റ എലക്‌സി സെന്റര്‍ ഹെഡുമായ ശ്രീകുമാര്‍ വി അധ്യക്ഷനായി. ജി ടെക് എ.ടി.എഫ്.ജി കണ്‍വീനറും ഫയ ഇന്നവേഷന്‍സ് എം.ഡിയുമായ ദീപു എസ് നാഥ്, ട്രിനിറ്റി കോളേജ് ഓഫ് എഞ്ചിനിയറിങ് പ്രിന്‍സിപ്പല്‍ ഡോ. അരുണ്‍ സുരേന്ദ്രന്‍, കെ.ടി.യു സിന്‍ഡിക്കേറ്റ് മെമ്പര്‍മാരായ ഡോ. ജമുന ബി.എസ്, അഡ്വ. ഐ. സജു, ഏണസ്റ്റ് ആന്‍ഡ് യങ് ഡയറക്ടറും ജി ടെക് വൈസ് ചെയര്‍മാനുമായ റിച്ചാര്‍ഡ് ആന്റണി, ജി ടെക് എ.ടി.എഫ്.ജി കോഓര്‍ഡിനേറ്റര്‍മാരായ ഏബല്‍ ജോര്‍ജ്, രഞ്ജിത്ത് ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജി ടെക് സി.ഇ.ഒ വിഷ്ണു വി. നായര്‍ സ്വാഗതവും ജി ടെക് ട്രഷറര്‍ മനോജ് ബി ദത്തന്‍ നന്ദിയും പറഞ്ഞു.
[media-credit id=12 width=300 align=”none”]
ഫോട്ടോ ക്യാപ്ഷന്‍: ജി ടെക്കിന്റെ ക്യാപസ് ഇനിഷ്യേറ്റീവായ മ്യൂ ലേണിന്റെ ഭാഗമായി നടത്തിയ മത്സരത്തിലെ വിജയികള്‍ കെ.ടി.യു വൈസ് ചാന്‍സലര്‍ ഡോ. എം.എസ് രാജശ്രീയ്ക്കും മറ്റ് വിശിഷ്ടാതിഥികള്‍ക്കും ഒപ്പം.