Press Club Vartha

ടി.എ. മജീദ് സ്മാരക പുരസ്‌കാരം കാനം രാജേന്ദ്രന്

തിരുവനന്തപുരം: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രിയും വര്‍ക്കലയുടെ ജനകീയ എംഎല്‍എയും പത്രപ്രവര്‍ത്തകനുമായിരുന്ന ടി എ മജീദിന്റെ സ്മരണാര്‍ത്ഥം ടി എ മജീദ് സ്മാരക സൊസൈറ്റി ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരത്തിന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അര്‍ഹനായി.
കേരള രാഷ്ട്രീയത്തിലെ വേറിട്ട ശബ്ദമാണ് കാനം രാജേന്ദ്രന്‍. നിലപാടുകളിലെ വ്യക്തതയും അത് പ്രകടിപ്പിക്കാനുള്ള ആര്‍ജ്ജവവും കാനത്തെ വ്യത്യസ്തനാക്കുന്നു. സങ്കീര്‍ണമായ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളില്‍ കാനത്തിന്റെ വാക്കുകള്‍ക്ക് കേരളം കാതോര്‍ക്കാറുണ്ട്. ഇച്ഛാശക്തിയോടെയും നിശ്ചയദാര്‍ഢ്യത്തോടെയുമുള്ള ഇടപെടലുകള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ കാനം രാജേന്ദ്രനെ നിറസാന്നിധ്യമാക്കുന്നുവെന്ന് പുരസ്‌കാര നിര്‍ണയ സമിതി അഭിപ്രായപ്പെട്ടു.

ടി.എ മജീദ് സ്മാരക സൊസൈറ്റി പ്രസിഡന്റ് മാങ്കോട് രാധാകൃഷ്ണന്‍, വള്ളിക്കാവ് മോഹന്‍ദാസ്, പ്രൊഫ. വിശ്വമംഗലം സുന്ദരേശന്‍ എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് പുരസ്‌കാരം നിശ്ചയിച്ചത്.
ടി.എ മജീദിന്റെ ചരമവാര്‍ഷിക ദിനമായ ജൂലൈ 5 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഇടവയില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ പരിപാടിയും നടക്കും.

ജൂലൈ 7 വ്യാഴാഴ്ച വൈകുന്നേരം 4.30ന് തിരുവനന്തപുരം ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ മുന്‍ ചീഫ് സെക്രട്ടറിയും മലയാള സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലറുമായ കെ. ജയകുമാര്‍ കാനം രാജേന്ദ്രന് പുരസ്‌കാരം സമര്‍പ്പിക്കും.
ടി എ മജീദ് അനുസ്മരണ പ്രഭാഷണം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍ നിര്‍വഹിക്കും. 10,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

വാര്‍ത്താ സമ്മേളനത്തില്‍ മാങ്കോട് രാധാകൃഷ്ണന്‍ മുന്‍ എംഎല്‍എ (ടി.എ മജീദ് സ്മാരക സൊസൈറ്റി പ്രസിഡന്റ്), മനോജ് ബി ഇടമന (സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം), വി. മണിലാല്‍ (സെക്രട്ടറി, ടി.എ. മജീദ് സ്മാരക സൊസൈറ്റി) എന്നിവര്‍ പങ്കെടുത്തു.

 

Share This Post
Exit mobile version