കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ മെമ്മറി കാര്‍ഡില്‍ അന്വേഷണം ആവശ്യമില്ലെന്ന ദിലീപിന്റെ വാദം ഹൈക്കോടതി തള്ളി. മെമ്മറി കാര്‍ഡ് പരിശോധനക്കായി, വിചാരണ കോടതി ഉത്തരവിനെതിരെ ക്രൈംബ്രാഞ്ച് ആണ് ഹൈക്കോടതിയെ സമീപിച്ചത്.
ദൃശ്യം പകര്‍ത്തിയ മെമ്മറി കാര്‍ഡ് പരിശോധിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റേതാണ് ഉത്തരവ്. പരിശോധനാനുമതി തള്ളിയ വിചാരണക്കോടതി ഉത്തരവ് റദ്ദാക്കി.ഉത്തരവിനെതിരെയാണ് ക്രൈംബ്രാഞ്ച് ഹര്‍ജി നല്‍കിയത്.
രണ്ട് ദിവസത്തിനകം കാര്‍ഡ് സംസ്ഥാന ഫൊറന്‍സിക് ലാബിലേക്ക് അയയ്ക്കണം. കാര്‍ഡ് അനധികൃതമായി തുറന്നോ എന്നതിനു തെളിവായി ഹാഷ് വാല്യു മാറിയോ എന്ന് അന്വേഷിക്കാം. അന്വേഷണം ആവശ്യമില്ലെന്ന ദിലീപിന്റെ വാദം ഹൈക്കോടതി തള്ളുകയും ചെയ്തു. പരിശോധന ഏഴു ദിവസത്തിനകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാം.
കോടതിയുടെ പക്കലുണ്ടായിരുന്ന നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതായി നേരത്തെ പരിശോധനയില്‍ വ്യക്തമായിരുന്നു. അന്വേഷണ സംഘത്തിന്റെയോ കോടതിയുടേയോ അനുമതിയില്ലാതെ മറ്റാരോ ഈ ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. അതാരാണ് എന്നും ദൃശ്യങ്ങള്‍ ചോര്‍ന്നോ എന്നും പരിശോധിക്കേണ്ടതുണ്ട്. അതിനാല്‍ ശാസ്ത്രീയ പരിശോധനക്ക് അനുമതി വേണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, അത്തരത്തിലൊരു പരിശോധന ആവശ്യമില്ലെന്ന നിലപാടില്‍ ഈ ഹരജി വിചാരണ കോടതി തള്ളി. ഇതേതുടര്‍ന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ എത്തിയത്.