Press Club Vartha

സഖി വൺ സ്റ്റോപ്പ് സെൻറർ ; 24 മണിക്കൂറും സേവനം ലഭ്യമാണ്

പ്രവർത്തനം മൂന്നാം വർഷത്തിലേക്ക് അടുക്കുമ്പോൾ അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും അക്ഷരാർത്ഥത്തിൽ സഖിയാവുകയാണ് സഖി വൺസ്റ്റോപ്പ് സെൻ്റർ.സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ സംബന്ധിച്ച് അറിവുണ്ടെങ്കിലും
പലരും ഇക്കാര്യങ്ങൾ തുറന്നു പറയാറില്ല. ഇത്തരം സന്ദർഭങ്ങളിൽ വനിതകളുടെ കൂട്ടുകാരിയും വഴികാട്ടിയുമാകുകയാണ് വനിതാ ശിശു വികസന വകുപ്പിന് കീഴിൽ കാക്കനാട് പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെൻ്റർ. ഇതിനോടകം നൂറിലധികം വനിതകൾക്കാണ് ഇവിടെ സേവനം ഒരുക്കിയത്.


* സേവനങ്ങൾ ഒരു കുടക്കീഴിൽ

ഗാർഹിക പീഡനം ഉൾപ്പടെ അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് വേണ്ട താമസവും കൗൺസിലിങ്ങും നിയമ സഹായങ്ങളും ഉൾപ്പടെയുള്ളവ ഒരു കുടക്കീഴിൽ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വൺ സ്റ്റോപ്പ് സെൻററുകളുടെ പ്രവർത്തനം. പ്രശ്നങ്ങളിൽ അടിയന്തിര ഇടപെടൽ നടത്തുന്ന വൺ സ്റ്റോപ്പ് സെൻ്ററിൽ എഫ്.ഐ.ആർ, എൻ.സി.ആർ, ഡി.ഐ.ആർ എന്നിവ ഫയൽ ചെയ്യുന്നതിനായി പൊലീസ്, വനിത സംരക്ഷണ ഓഫീസർ തുടങ്ങിയവരുടെ സേവനം ലഭിക്കും. വീഡിയോ കോൺഫറൻസ് മുഖേന മൊഴി കൊടുക്കാനുള്ള സൗകര്യവും ലഭ്യമാണ്.

താൽക്കാലിക അഭയം ആവശ്യമുള്ളവർക്ക് അഞ്ച് ദിവസം വരെയാണ് പാർപ്പിടമൊരുക്കുന്നത്. അടിയന്തിര സാഹചര്യങ്ങളിൽ കൂടുതൽ ദിവസത്തേക്ക് കൂടി താമസ സൗകര്യം ഒരുക്കും. തുടർന്നും ആവശ്യം വന്നാൽ സർക്കാർ, സന്നദ്ധ സംഘടനകളുടെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റും. ഒരേ സമയം അഞ്ച് പേരെ താമസിപ്പിക്കാനുള്ള സൗകര്യമാണ് 24 മണിക്കൂറും സേവനം ലഭിക്കുന്ന സഖി സെൻ്ററിലുള്ളത്.

* ഇത് വരെ 800 കേസുകൾ

2019 ഒക്ടോബർ അവസാനം ജില്ലയിൽ ആരംഭിച്ച സഖി വൺ സ്റ്റോപ്പ് സെന്ററിൽ ഇതു വരെ 800 കേസുകളാണ് ലഭിച്ചത്. ഇതിൽ 75 ശതമാനത്തിലധികം കേസുകളും തീർപ്പാക്കിയിട്ടുണ്ട്. ഭൂരിഭാഗം പരാതികളും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടതായിരുന്നു. നൂറിലധികം പേർക്കാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. ദൂരെ സ്ഥലങ്ങളിൽ നിന്ന് ഫോൺ മുഖേന പരാതി നൽകിയവർക്ക് ആവശ്യാനുസരണം പൊലീസ് സഹായവും ലീഗൽ സർവീസ് അതോറിറ്റി വഴി അതാത് പ്രദേശങ്ങളിൽ തന്നെ നിയമസഹായവും ലഭ്യമാക്കുന്നുണ്ട്.

* അഞ്ഞൂറിലധികം പേർക്ക് കൗൺസിലിംഗ്

സഖി വൺ സ്റ്റോപ്പ് സെൻ്ററിനെ സമീപിച്ച നൂറിലധികം പേർക്കാണ് പൊലീസ് സഹായം നൽകിയിട്ടുള്ളത്. 175 ൽ അധികം പേർക്ക് നിയമ സഹായവും അഞ്ഞൂറിലധികം ആളുകൾക്ക് കൗൺസിലിംഗും നൽകി. സെന്ററിൽ താമസ സൗകര്യം ലഭ്യമാക്കുന്നവർക്കായി ഏഴ് പൊലീസ് ഫെലിസിറ്റേഷൻ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്.

* പ്രവർത്തനം കേന്ദ്ര സംസ്ഥാന പങ്കാളിത്വത്തിൽ

ബലാത്സംഗം ഉൾപ്പടെയുള്ള ഗാർഹിക പീഡനങ്ങൾ, ലൈംഗിക അതിക്രമങ്ങൾ, സ്ത്രീധനം, ദുർമന്ത്ര വാദം, ശൈശവ വിവാഹം, മനുഷ്യ കടത്ത്, ലിംഗത്തിന്റെ പേരിൽ ഗർഭമലസിപ്പിക്കാനുള്ള ശ്രമങ്ങൾ, ആസിഡ് ആക്രമണങ്ങൾ, ദുരഭിമാനക്കൊല തുടങ്ങി സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങൾ രാജ്യവ്യാപകമായി വർദ്ധിച്ചതോടെയാണ് കേന്ദ്ര സർക്കാർ സഖി വൺ സ്റ്റോപ്പ് സെൻ്ററുകൾ എന്ന ആശയത്തിലേക്ക് എത്തിയത്. കേന്ദ്ര സർക്കാരാണ് ആവശ്യമായ സാമ്പത്തിക സഹായം നൽകുന്നത്. സംസ്ഥാന വനിത ശിശു വികസന വകുപ്പിൻ്റെ മേൽനോട്ടത്തിൽ സ്റ്റേറ്റ് നിർഭയ സെൽ നോഡൽ ഏജൻസിയായും ജില്ലാ കളക്ടർ അധ്യക്ഷനായുള്ള മാനേജിംഗ് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് സെൻ്ററിൻ്റെ പ്രവർത്തനം .

* കുട്ടികൾക്കും സഖി

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് പുറമേ കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കും സെന്ററിനെ സമീപിക്കാവുന്നതാണ്. ശൈശവ വിവാഹം, കുട്ടികൾക്കെതിരായ പീഡനങ്ങൾ, പോക്സോ കേസുകൾ, ലഹരിമരുന്ന് കേസുകൾ എന്നിവയിലും സഖി നടപടികൾ സ്വീകരിക്കും. കുറ്റവാളികളെ നിയമത്തിന് മുൻപിൽ കൊണ്ട് വന്ന് ശിക്ഷ ഉറപ്പ് വരുത്തി സമൂഹത്തിന് ശക്തമായ മുന്നറിയിപ്പ് നൽകുക എന്ന ലക്ഷ്യം കൂടിയാണ് സഖിക്കുള്ളത്. മനുഷ്യക്കടത്ത്, ലിംഗവിവേചനം തുടങ്ങിയ വിഷയങ്ങളിലും പ്രശ്ന പരിഹാരത്തിനായി വൺ സ്റ്റോപ്പ് സെന്റർ കൂടെയുണ്ട്. മുഴുവൻ പെൺകുട്ടികൾക്കും 12 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കും സഖി അഭയമൊരുക്കുന്നുണ്ട്.

* വൺ സ്റ്റോപ്പ് സെൻ്ററിലെ “കൂട്ടുകാർ”

സെൻറർ അഡ്മിനിസ്ട്രേറ്റർ, സൈക്കോ സോഷ്യൽ കൗൺസിലർ, കേസ് വർക്കർമാർ, ഐ.ടി സ്റ്റാഫ്, മൾട്ടി പർപ്പസ് ഹെൽപ്പർമാർ, സുരക്ഷാ ജീവനക്കാർ, പൊലീസ് ഫെലിസിറ്റേഷൻ ഓഫീസർമാർ തുടങ്ങിയവരാണ് സെന്ററുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ, ഇവർക്ക് പുറമേ ആവശ്യഘട്ടങ്ങളിൽ ഡോക്ടർമാർ, വക്കീൽ, നിയമ വിദഗ്ധർ തുടങ്ങിയവരുടെയും സഹായം തേടുന്നു.

* സഖിയിലേക്ക് എത്തിച്ചേരാൻ

പൊതു പ്രവർത്തകർ, സന്നദ്ധ സംഘടനകൾ മുഖേനയും പൊലീസ്, വനിത സെൽ തുടങ്ങിയവ മുഖേനയുമാണ് കൂടുതൽ പേർ സഖിയിലേക്ക് എത്തുന്നത്. ഇതിനു പുറമേ കാക്കനാട് ചിൽഡ്രൻസ് ഹോം ക്യാമ്പിൽ പ്രവർത്തിക്കുന്ന സെന്ററിലേക്ക് നേരിട്ടും എത്താവുന്നതാണ്. താൽക്കാലിക അഭയം വേണ്ട സഹായം മാത്രം മതി എന്നാണെങ്കിൽ 8547710899 എന്ന ഫോൺ നമ്പർ മുഖേനയും ബന്ധപ്പെടാവുന്നതാണ്. വനിത സംരക്ഷണ ഓഫീസറുടെ നമ്പറായ 8281999057, വനിത ഹെൽപ്പ്ലൈൻ നമ്പറുകളായ 1091, 181 എന്നിവയും ഉപയോഗിക്കാവുന്നതാണ്.

Share This Post
Exit mobile version