Press Club Vartha

തിരുവനന്തപുരം കഴക്കൂട്ടത്ത് ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന്‍ കൊല്ലപ്പെട്ടു

തിരുവനന്തപുരം: കഴക്കൂട്ടത്ത് ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. നെട്ടയകോണം സ്വദേശി ഭുവനചന്ദ്രന്‍ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. സംഭവശേഷം ആക്രിക്കാരന്‍ രക്ഷപ്പെട്ടു. ഭുവനചന്ദ്രനെ ചവിട്ടിയ ആക്രിക്കാരനെ അന്വേഷിച്ചു വരികയാണെന്നും ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.

ഭുവനചന്ദ്രന്‍ ഒരു വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു. ഈ വീടിന് സമീപമുള്ള കരിക്ക് വില്‍പനക്കാരനുമായി സംസാരിക്കുന്നതിനിടെയാണ് ആക്രിക്കാരനുമായി തര്‍ക്കമുണ്ടായത്. ഭുവനചന്ദ്രന്‍ നില്‍ക്കുന്നതിന് സമീപത്തായി ആക്രിക്കാരന്‍ കാര്‍ക്കിച്ച് തുപ്പിയത് ചോദ്യംചെയ്തതോടെയാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്.

ഭുവനചന്ദ്രനെ ആക്രിക്കാരന്‍ ചവിട്ടി എന്നാണ് ദൃക്‌സാക്ഷികളുടെ ആരോപണം. കരള്‍ രോഗത്തിന് ഈയിടെ ശസ്ത്രക്രിയ കഴിഞ്ഞയാളായിരുന്നു ഭുവനചന്ദ്രന്‍. വയറില്‍ ശക്തമായ ചവിട്ടേറ്റതിനെത്തുടര്‍ന്ന് കുഴഞ്ഞു വീണ ഭുവനചന്ദ്രനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഭുവനചന്ദ്രന് ചവിട്ടേറ്റിരുന്നു എന്നും മരണകാരണം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ സ്ഥിരീകരിക്കാനാവൂ എന്നാണ് കഴക്കൂട്ടം പോലീസ് പറയുന്നത്.

കൊല്ലം സ്വദേശിയായ ആക്രിക്കാരന്‍ ഭിന്നശേഷിക്കാരനാണ്. സംഭവശേഷം സമീപത്തെ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച ഇയാള്‍ കൊല്ലത്തേയ്ക്കുള്ള ബസില്‍ കയറി പോയെന്നാണ് വിവരം. ഇയാളുടെ പേരോ മറ്റു വിവരങ്ങളോ ലഭിച്ചിട്ടില്ല. ആക്രികച്ചവടക്കാരനെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു. വൈകാതെ ഇയാളെ പിടികൂടാനാകുമെന്ന് പോലീസ് അറിയിച്ചു.

Share This Post
Exit mobile version