Press Club Vartha

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പോളിങ് സാമഗ്രികൾ നിയമസഭാ മന്ദിരത്തിലെത്തിച്ചു

തിരുവനന്തപുരം : രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികൾ നിയമസഭാ മന്ദിരത്തിലെത്തിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ന്യൂഡൽഹിയിലെ ആസ്ഥാനത്തുനിന്നു വിമാന മാർഗം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച പോളിങ് സാമഗ്രികൾ വോട്ടെടുപ്പ് ദിനമായ ജൂലൈ 18 വരെ അതിസുരക്ഷയിൽ നിയമസഭാ മന്ദിരത്തിലെ സ്ട്രോങ് റൂമിൽ സൂക്ഷിക്കും.

ബാലറ്റ് ബോക്സുകൾ, ബാലറ്റ് പേപ്പറുകൾ, പ്രത്യേക പേനകൾ, സീൽ ചെയ്ത മറ്റു തെരഞ്ഞെടുപ്പ് സാമഗ്രികൾ എന്നിവയാണ് ഇന്നലെ തെരഞ്ഞെടുപ്പു കമ്മിഷൻ ആസ്ഥാനമായ നിർവാചൻ സദനിൽനിന്നു ജോയിന്റ് ചീഫ് ഇലക്ടറൽ ഓഫിസർ പി. കൃഷ്ണദാസ്, നിയമസഭാ ഡെപ്യൂട്ടി സെക്രട്ടറി ആർ ഷാജി, അണ്ടർ സെക്രട്ടറി സി. സുരേശൻ, സെക്ഷൻ ഓഫിസർ ആർ. ശിവലാൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങിയ പോളിങ് സാമഗ്രികൾ രാവിലെ 11.30നുള്ള വിസ്താര വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ചു.

വിമാനത്താവളത്തിന്റെ ആഭ്യന്തര ടെർമിനലിൽനിന്നു കർശന പൊലീസ് സുരക്ഷയിൽ നിയമസഭാ മന്ദിരത്തിലെത്തിച്ച ഇവ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർ കവിത ഉണ്ണിത്താന്റെ നേതൃത്വത്തിൽ സ്ട്രോങ് റൂമിലേക്കു മാറ്റി. സ്ഥാനാർഥികളുടെ അംഗീകൃത ഏജന്റുമാരായ സാമാജികരുടെ സാന്നിധ്യത്തിലാണ് സാമഗ്രികൾ സ്‌ട്രോങ് റുമിൽ വച്ചു സീൽ ചെയ്തത്. സ്ട്രോങ് റൂമിന് പൊലീസ് നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.

ജൂലൈ 18നു വോട്ടെടുപ്പ് പൂർത്തിയായ ശേഷം, പോൾ ചെയ്തതും സീൽ ചെയ്തതുമായ ബാലറ്റ് പെട്ടികളും മറ്റു തിരഞ്ഞെടുപ്പ് സാമഗ്രികളും വിമാനമാർഗം രാജ്യസഭാ സെക്രട്ടേറിയറ്റിലെ റിട്ടേണിങ് ഓഫീസറുടെ ഓഫിസിലേക്കു തിരികെ കൊണ്ടുപോകും. ജൂലൈ 21നാണു വോട്ടെണ്ണൽ.

Share This Post
Exit mobile version