തിരുവനന്തപുരം: തമിഴ്‌നാട്ടിലെ കുളച്ചലില്‍ കടല്‍ത്തീരത്ത് കണ്ടെത്തിയ യുവാവിന്റെ മൃതദേഹം പെണ്‍ സുഹൃത്തിനെ കാണാനായി ആഴിമലയില്‍ എത്തിയ നരുവാമൂട് സ്വദേശി കിരണിന്റേതാണെന്ന് സംശയം. മൃതദേഹം കിരണിന്റേതാണെന്ന് അച്ഛന്‍ മധു മാധ്യമങ്ങളോട് പറഞ്ഞു. കൈയിലെ ചരടെല്ലാം കിരണിന്റേതാണെന്ന് ബന്ധുക്കളും വ്യക്തമാക്കി. അതേസമയം, ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമേ മൃതദേഹം ആരുടേതെന്ന് വ്യക്തമാകുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.
[media-credit id=”7″ align=”center” width=”386″]
മൃതദേഹം ചീഞ്ഞളിഞ്ഞ നിലയിലാണ് തീരത്ത് അടിഞ്ഞത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കുളച്ചല്‍ പൊലീസ് കടലില്‍ കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വിഴിഞ്ഞം പൊലീസിനെയും വിവരമറിയിച്ചത്. ആഴിമലയില്‍ കടലില്‍ കാണാതായ കിരണിനായി കഴിഞ്ഞദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.
കിരണ്‍ ആത്മഹത്യ ചെയ്യില്ലെന്നും അപായപ്പെടുത്തിയത് ആണെന്നും പിതാവ് ആരോപിച്ചു. വെള്ളം പേടിയുള്ള കിരണ്‍ കടലില്‍ ചാടില്ല. കാണാതായ സ്ഥലം പരിശോധിക്കുമ്പോള്‍ കാല്‍ വഴുതി വീണതാവാനും സാധ്യതയില്ല. ശനിയാഴ്ച വൈകിട്ടാണ് ആഴിമലയില്‍നിന്ന് കിരണിനെ കാണാതായത്.
വിഴിഞ്ഞം പൊലീസിനൊപ്പം കുളച്ചലിലെത്തിയാണ് ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്. എന്താണ് സംഭവിച്ചതെന്ന് പൊലീസ് കണ്ടെത്തണമെന്നും പിതാവ് പറഞ്ഞു. മൃതദേഹം കിരണിന്റേതെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് വിഴിഞ്ഞം എസ്എച്ച്ഒ പ്രത്യുഷ് പറഞ്ഞു.
ശനിയാഴ്ച മുതലാണ് മൊട്ടമൂട് സ്വദേശി കിരണിനെ കാണാതായത്. പെണ്‍ സുഹൃത്തിനെ കാണാനാണ് കിരണ്‍ ആഴിമലയിലെത്തിയത്. ശനിയാഴ്ച ഉച്ചയോടെ കിരണ്‍ കടല്‍ ലക്ഷ്യമാക്കി വേഗത്തില്‍ പോകുന്നതായ ചിത്രം ആഴിമലക്ക് സമീപത്തെ റിസോര്‍ട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞിരുന്നു.
എന്നാല്‍ ഇയാള്‍ കടല്‍ക്കരയില്‍ എത്തിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കാമറയില്‍ വ്യക്തമല്ല. സമീപത്ത് കൂടുതല്‍ സിസിടിവികള്‍ ഉണ്ടെങ്കിലും പലതും പ്രവര്‍ത്തന രഹിതമായതും പോലീസിന്റെ അന്വേഷണത്തിന് തിരിച്ചടിയായി. കിരണിനെയും സുഹൃത്തുക്കളെയും പെണ്‍ സുഹൃത്തിന്റെ സഹോദരനും സംഘവും തടഞ്ഞ് നിര്‍ത്തിയെന്ന് പറയുന്ന സ്ഥലത്തിനും കുറച്ച് മാറിയുള്ള കാമറയിലാണ് ചിത്രം പതിഞ്ഞിരിക്കുന്നത്.
സംഭവത്തോടനുബന്ധിച്ച് ഒളിവില്‍പ്പോയ പെണ്‍സുഹൃത്തിന്റെ സഹോദരനുള്‍പ്പെടെയുള്ളവരെ ഇന്നലെയും പൊലീസിന് പിടികൂടാനായില്ല. യുവാവ് കടലില്‍ വീണ് കാണാതായെന്നു തന്നെയാണ് ഉറപ്പിക്കുന്നതെന്ന് അസി.കമ്മിഷണര്‍ പറഞ്ഞു. സ്‌കൂബാ ഡൈവിംഗ് സംഘത്തെ പൊലീസ് ഇന്നലെ സ്ഥലത്ത് എത്തിച്ച് സ്ഥല പരിശോധന നടത്തിയിരുന്നു.