തിരുവനന്തപുരം : അന്താരാഷ്ട യുവജന നൈപുണ്യ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളിൽ രാവിലെ 11.30 ന് നടക്കുന്ന പരിപാടി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. യൂത്ത് ഇന്നവേഷൻ അവാർഡ് നടപ്പാക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനവും അദ്ദേഹം നിർവഹിക്കും.
അക്കൗണ്ടിംഗ് മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസും ടാലി എഡ്യൂക്കേഷനുമായുള്ള ധാരണാപത്രം കൈമാറലും സർട്ടിഫിക്കറ്റ് പ്രകാശനവും മന്ത്രി നിർവഹിക്കും. ശേഷം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ സങ്കൽപ്പിന്റെ ഭാഗമായുള്ള നൈപുണ്യ പരിശീലനം നേടിയവർക്കുള്ള യൂത്ത് ഇന്നൊവേഷൻ അവാർഡ് പ്രഖ്യാപനം നിർവഹിക്കും.
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനാകും. തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി മിനി ആന്റണി മുഖ്യ പ്രഭാഷണം നടത്തും.