ഇറ്റലി: വെസുവിയസ് അഗ്നിപര്‍വതത്തിലേക്ക് കാലുവഴുതി വീണ അമേരിക്കന്‍ വിനോദസഞ്ചാരിയെ അത്ഭുതകരമായി രക്ഷിച്ചു. മേരിലാന്റ് സ്വദേശിയായ ഫിലിപ്പ് കാരള്‍ എന്നയാളാണ് സെല്‍ഫി എടുക്കുന്നതിനിടെ അഗ്നിപര്‍വത ഗര്‍ത്തത്തില്‍ വീണത്. ഇറ്റാലിയന്‍ പൊലീസും ഗൈഡുകളും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് യുവാവിനെ രക്ഷിക്കാന്‍ സാധിച്ചത്.
അഗ്നിപര്‍വതത്തിന്റെ പ്രവേശനം വിലക്കിയ ഭാഗത്തേക്കാണ് രണ്ട് കുടുംബാംഗങ്ങളോടൊപ്പം 23 കാരനായ ഫിലിപ്പ് എത്തിപ്പെട്ടത്. അതിസാഹസികമായി അഗ്നിപര്‍വതത്തിന്റെ മുകളില്‍ കയറിനിന്ന ശേഷം സെല്‍ഫി പകര്‍ത്തുന്നതിനിടെ ഇയാളുടെ ഫോണ്‍ അഗ്നിപര്‍വതത്തിനുള്ളിലേക്ക് വീണു. ഫോണ്‍ കൈനീട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ താഴേക്ക് പതിച്ചത്.
അഗ്നിപര്‍വത ഗര്‍ത്തത്തിലേക്ക് വീണെങ്കിലും കൂടുതല്‍ താഴ്ന്നുപോകുന്നതിന് മുന്‍പ് ഇയാള്‍ ഗര്‍ത്തത്തിന്റെ മുകള്‍ഭാഗത്ത് തങ്ങിനിന്നു. സംഭവം ദൂരെനിന്ന് കണ്ട ഗൈഡുകള്‍ ഓടിയെത്തി കൂടുതല്‍ ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിച്ച് ഇയാളെ അതിസാഹസികമായി വലിച്ചുപുറത്തെടുക്കുകയായിരുന്നു.
300 അടി താഴ്ചയാണ് അഗ്നിപര്‍വതത്തിനുള്ളത്. ഇതിനുള്ളിലേക്ക് പതിച്ചിരുന്നുവെങ്കില്‍ ഇയാളെ രക്ഷപ്പെടുത്തുക പൂര്‍ണമായും അസാധ്യമാകുമായിരുന്നു. അഗ്നിപര്‍വതത്തിന്റെ മുകളിലേക്ക് കയറുന്നത് അപകടമായതിനാലാണ് അധികൃതര്‍ പ്രവേശനം വിലക്കിയിരുന്നത്. ചരിവുകളിലൂടെ സാഹസികമായി യാത്ര ചെയ്താണ് ഇയാള്‍ അഗ്നിപര്‍വതത്തിന് മുകളിലെത്തിയത്. പ്രദേശത്തേക്ക് അനുവാദമില്ലാതെ കടന്നതിന് ഇയാള്‍ക്കെതിരെ കേസെടുത്തേക്കുമെന്നാണ് സൂചന. അഗ്നിപര്‍വതസ്‌ഫോടനത്തിലൂടെയാണ് ഇത്രയും വലിയ ഒരു ഗര്‍ത്തം രൂപപ്പെട്ടത്.