
സബിത രാജ്
ടെക്നോളോജിയുടെ വളർച്ചയോടെ ലോകം വിരൽത്തുമ്പിലേക്ക് ചുരുങ്ങിയ ഒരു തലമുറയാണ് ഇന്ന് വളർന്നു വരുന്നത്. ഒരുപക്ഷെ സോഷ്യൽ മീഡിയ നമ്മുടെ ജീവിതരീതികൾ തന്നെ മാറ്റി മറിച്ചെന്നു വേണം പറയാൻ. ചക്രത്തിന്റെ കണ്ടുപിടുത്തം ഗതാഗതത്തെ എത്രത്തോളം ഉയരങ്ങളിലേക്ക് എത്തിച്ചോ അതിലും എത്രയോ വേഗത്തിലാണ് ഇന്ന് നമ്മുടെ ചുറ്റുമുള്ള സമൂഹം മാറിക്കൊണ്ടിരിക്കുന്നത്.
അതിന്റെ പ്രധാനകാരണം സോഷ്യൽ മീഡിയ വളർത്തിയെടുക്കുന്ന ജീവിതരീതികൾ ആണ് ഭൂരിഭാഗം ആളുകളും പിന്തുടരുന്നത് എന്നത് തന്നെയാണ്. മാറിവരുന്ന ഫാഷൻ ട്രെൻഡ്‌സ്, ജീവിതചര്യകൾ, സങ്കൽപ്പങ്ങൾ, ഇവയൊക്കെ അതേപടി അനുകരിക്കുക വഴി വളർത്തിയെടുക്കുന്ന ജീവിത രീതി മികച്ചതെന്ന ഉറച്ച വിശ്വാസം ഇന്നത്തെ തലമുറയിലുണ്ട്.
ഒരു പരിധിവരെ അപ്ഡേറ്റഡ് ആയിരിക്കാൻ കഴിയുക എന്നത് വല്യകാര്യമായി കാണുന്ന ആളുകൾ ആണ് നമുക്ക് ചുറ്റും. പക്ഷെ ചിലപ്പോഴൊക്കെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ അറവുശാലകൾ ആകുന്നതും കാണാം. നാലു ചുവരുകൾക്കുള്ളിൽ അടച്ചിരുന്ന് ആരെയും എന്തും പറയാനും എന്ത് കാര്യങ്ങൾക്കും പ്രതികരിക്കാനും അവർ മടിക്കുന്നില്ല. പക്ഷെ ഇത്തരം ചിലരെങ്കിലും മുന്നിൽ ഒരാൾ മരിക്കാൻ കിടന്നാൽ പോലും തിരിഞ്ഞുനോക്കാത്ത കൂട്ടരാണ്.
എവിടെങ്കിലും ഒരു ക്രൈം നടന്നാൽ അതിന്റെ സത്യാവസ്ഥ എന്തെന്ന് പോലും അറിയാതെ പ്രതികരിക്കുക. അങ്ങനെയൊരു മാനസികാവസ്ഥയിലേക്ക് എത്തിപ്പെടുന്ന മനുഷ്യർ അനവധിയാണ്. പലപ്പോഴും ബുദ്ധിപരമായി ചിന്തിക്കാൻ കഴിവുള്ളവരും അല്ലാത്തവരും ഒരുപോലെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ സൈബർ അറ്റാക്കിനു ഇരയാകേണ്ടി വരുന്നത് ഇപ്പോൾ സാധാരണമാണ്. തെറ്റിദ്ധരിക്കപ്പെടുന്ന ഒട്ടനേകം സാമ്പത്തിക തട്ടിപ്പുകൾ സോഷ്യൽ മീഡിയകൾ വഴി നടക്കുന്നുണ്ട്.
മണി ചെയിൻ, ഹണി ട്രാപ്പ്, ഡ്രഗ്സ് പോലുള്ള ക്രൈംസ് കൂടിവരുന്നത് ശ്രദ്ധിച്ചാൽ അറിയാൻ കഴിയും. സമൂഹത്തെ ഒന്നടങ്കം ഇത്തരം ആളുകൾ വലയിൽ വീഴ്ത്തുന്നുണ്ട്. അതുപോലെ തന്നെ ആണ് കൂടി വരുന്ന ലഹരി ഉപയോഗങ്ങളും. ലഹരിവസ്തുക്കളുടെ വിൽപ്പനയെ കുറച്ചുകൂടി പ്രൊമോട്ട് ചെയ്യാനും വിതരണം കൂട്ടാനും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. അവിടെ നിരപരാധികൾ വലയിൽ കുടുങ്ങുന്നുമുണ്ട്.
ലഹരിയ്ക്കു വേണ്ടി ആരെയും കൊല്ലാനും മടി കാട്ടാത്ത മാനസിക നിലയിലേക്ക് മാറി വരുന്ന കൗമാരം. അതിന്റെ ഭീകരത വാക്കുകാളാല്‍ എഴുതി പിടിപ്പിക്കാനവുന്നില്ല. ജീവിതത്തിന്റെ നല്ലൊരു ശതമാനം സോഷ്യൽ മീഡിയകളിൽ ഹോമിച്ച് ജീവിതം നശിപ്പിക്കുന്ന തലമുറയോട്
പുതുവർഷം നല്ലചിന്തകളാൽ നിറയട്ടെ. സോഷ്യൽ മീഡിയകളുടെ നല്ലവശവും ചീത്തവശവും അവർ തന്നെ മനസ്സിലാക്കട്ടെ. നല്ലൊരു നാളെയെ സ്വപ്നം കാണാൻ നമ്മുടെ മക്കൾക്ക് കഴിയട്ടെ!