Press Club Vartha

ചിന്ത ജെറോമിന്റെ ശമ്പളം ഒരു ലക്ഷം, ശമ്പള വർധന മുൻകാല പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോമിന്റെ ശമ്പളം ഒരു ലക്ഷമാക്കി വർധിപ്പിച്ചു.
ശമ്പള വർധന മുന്‍കാല പ്രാബല്യത്തോടെയാണ് നടപ്പാക്കിയത്.
നേരത്തെ 50,000 രൂപയായിരുന്നു.

അധികാരമേറ്റ 2016 മുതലുളള ശമ്പളം ഒരു ലക്ഷമാക്കണമെന്ന് ചിന്ത ജെറോം യുവജനക്ഷേമ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച
യുവജനക്ഷേമ വകുപ്പ് ധനകാര്യ വകുപ്പിന്റെ പരിശോധനയ്ക്ക് വിടുകയായിരുന്നു.

ധനകാര്യവകുപ്പും യുവജനക്ഷേമ വകുപ്പ് സെക്രട്ടറിയും ചിന്തയുടെ ആവശ്യത്തോട് അനുകൂല നിലപാടെടുത്തു. 2017 ജൂണ്‍ മുതല്‍ ശമ്പളം ഒരുലക്ഷം രൂപയാക്കാനും നല്‍കാനുള്ള തുക അനുവദിക്കാനും ധനവകുപ്പ് തീരുമാനിക്കുകയായിരുന്നു.

ചിന്തയ്ക്ക് ശമ്പളം വര്‍ധിപ്പിച്ചതോടെ യുവജന കമ്മിഷന്‍ മുന്‍ ചെയര്‍പേഴ്സണായിരുന്ന കോണ്‍ഗ്രസ് നേതാവ് ആര്‍.വി.രാജേഷ് ഇതേ ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.
പുതിയ ശമ്പള വര്‍ധന നിലവിലെ ചെയര്‍പേഴ്സണ് ബാധകമാകുന്ന വിധത്തിലാണുളളത്. ഇതനെതിരെയാണ് രാജേഷ് കോടതിയെ സമീപിച്ചത്.

യുഡിഎഫിന്റെ കാലത്ത് രൂപീകരിച്ച യുവജന കമ്മിഷനില്‍ ആര്‍.വി. രാജേഷ് ആയിരുന്നു ആദ്യ ചെയര്‍പേഴ്സണ്‍. ഈ ഘട്ടത്തില്‍ ചെയര്‍മാന് ശമ്പളം നിശ്ചയിച്ചിരുന്നില്ല. 50,000 രൂപ താത്കാലികമായി നല്‍കാനായിരുന്നു ഉത്തരവ്.
ശമ്പളം വര്‍ധിപ്പിക്കാനുളള തീരുമാനം അന്ന് മന്ത്രിസഭയ്ക്ക് വിട്ടെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കാനായിരുന്നില്ല.

Share This Post
Exit mobile version