Press Club Vartha

സ്കൂൾ കലാമേളക്ക് ഇനി ഭക്ഷണം പാകം ചെയ്യാനില്ല; പഴയിടം മോഹനൻ നമ്പൂതിരി

കോഴിക്കോട്: സ്കൂൾ കലോത്സവങ്ങൾക്ക് ഇനി ഭക്ഷണം പാകം ചെയ്യാൻ താൻ ഇല്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി. സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട വിവാദമാണ് ഈ തീരുമാനത്തിനു പിന്നിൽ.

കുട്ടികളുടെ കലോത്സവത്തില്‍ പോലും വര്‍ഗീയതയും ജാതീയതയുടേയും വിഷവിത്തുകള്‍ വാരിയെറുന്ന കാലഘട്ടമാണിതെന്നും ഇത്തരം പ്രവണത തന്നെ വളരെ അധികം അസ്വസ്ഥനാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‌സ്‌കൂള്‍ കലമേളക്ക് ഭക്ഷണം പാചകം ചെയ്യുന്നത് നിര്‍ത്താന്‍ മുന്‍പ് ഒരിക്കല്‍ തീരുമാനിച്ചതാണ്. എന്നാൽ അന്ന് സര്‍ക്കാര്‍ സമ്മര്‍ദ്ധം കൊണ്ടാണ് വീണ്ടും മേളക്ക് താന്‍ എത്തിയത്. ഇനി ടെന്‍ഡറില്‍ പങ്കെടുക്കില്ലെന്നും പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞു.

സ്കൂള്‍ കലോത്സവത്തില്‍ നോണ്‍വെജ് ഭക്ഷണം വിളമ്പാത്തതിനെതിരെ വലിയ ചര്‍ച്ചയാണ് കഴിഞ്ഞ ദിവസം മുതല്‍ ഉയര്‍ന്നത്. കലോത്സവത്തിൽ പാചകത്തിന്റെ ചുമതലയുള്ള പഴയിടം മോഹനൻ നമ്പൂതിരിക്കെതിരെ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം രൂക്ഷമായ ആക്രമണമാണ് നടത്തുന്നത്. കലോത്സവത്തിന് അടുത്ത വർഷം മുതൽ സസ്യേതര വിഭവങ്ങൾ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു.

Share This Post
Exit mobile version