Press Club Vartha

സാന്ത്വന സ്പര്‍ശമായി മലയിന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ പാലിയേറ്റീവ് കുടുംബസംഗമം

മലയിൻകീഴ്: രോഗത്തിന്റെ വേദനയും ഒറ്റപ്പെടലും മറന്ന് ആഹ്ലാദം പകരാന്‍ പാലിയേറ്റീവ് രോഗികള്‍ക്കായി സംഗമ വേദിയൊരുക്കി മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെയും താലൂക്ക് ആസ്ഥാന ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ സാന്ത്വന പരിചരണ രോഗികള്‍ക്കായി നടത്തിയ കുടുംബ സംഗമം ഐ.ബി. സതീഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രോഗികള്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണവും നിര്‍വഹിച്ചു.

പഞ്ചായത്തിന്റെ പാലിയേറ്റീവ് പരിചരണ പ്രോജക്ടില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാരായ രണ്ട് പേര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയറും മൂന്ന് പേര്‍ക്ക് മാനുവല്‍ വീല്‍ ചെയറും കൈമാറി. ശാരീരിക വിഷമതകള്‍ നേരിടുന്നര്‍ക്ക് പേപ്പര്‍ കവര്‍ നിര്‍മാണത്തിലൂടെ വരുമാനമാര്‍ഗം കണ്ടെത്തുന്നതിനും അവസരമൊരുക്കുകയാണ് പഞ്ചായത്ത്. മരുന്നു വിതരണത്തിന് ആവശ്യമുള്ള പേപ്പര്‍ കവര്‍ നിര്‍മ്മാണ സാമഗ്രികളുടെ വിതരണവും നടത്തി. നിര്‍മ്മിക്കുന്ന കവറുകള്‍ മലയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്കാണ് നല്‍കുന്നത്. കൂടാതെ നിര്‍ധനരായ രോഗികള്‍ക്കുള്ള ഭക്ഷ്യ കിറ്റ്, ബെഡ്ഷീറ്റ് എന്നിവയും വിതരണം ചെയ്തു. മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പരിധിയില്‍ 371 രോഗികള്‍ക്ക് സാന്ത്വന പരിചരണവും 137 പേര്‍ക്ക് ഗൃഹ പരിചരണവും നല്‍കി വരുന്നുണ്ട്.

Share This Post
Exit mobile version