Press Club Vartha

ഇനി മുട്ട മയോണൈസില്ല: പകരം വെജിറ്റബിൾ മയോണൈസ്

കൊച്ചി: സംസ്ഥാനത്തെ ബേക്കറികളിലും ബേക്കറി അനുബന്ധ റസ്റ്റോറന്റുകളിലും ഇനി മുതൽ പച്ചമുട്ട ഉപയോഗിച്ചുണ്ടാകുന്ന മയോണൈസ് വിളമ്പില്ല. ഭക്ഷ്യവിഷബാധ ഒഴിവാക്കാനാണ് പുതിയ തീരുമാനം. പച്ചമുട്ട ഉപയോഗിച്ചുണ്ടാകുന്ന മയോണൈസിനു പകരം വെജിറ്റബിൾ മയോണൈസ് അല്ലെങ്കിൽ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ച മയോണൈസ് ആകും ഇനി വിളമ്പുക.

ആരോഗ്യ മന്ത്രിയും ഹോട്ടൽ – റസ്റ്റോറന്റ് ബേക്കറി വ്യാപാരി അസോസിയേഷനുമായുള്ള ചർച്ചയിലാണ് തീരുമാനം. മയോണൈസിൽ ഉപയോഗിക്കുന്ന മുട്ടയുടെ ഗുണനിലവാരവും കാലപ്പഴക്കവും കണ്ടെത്തുന്നതിന് നിലവില്‍ മാനദണ്ഡങ്ങളില്ല. മതിയായ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാതെ എത്തുന്ന മുട്ടകളില്‍ സൂക്ഷ്മ ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുണ്ട്. അവ ഉള്ളിൽ ചെന്ന് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായേക്കാമെന്ന് ബേക്കേഴ്സ് അസോസിയേഷൻ (ബേക്ക്) അറിയിച്ചു.

ബേക്കറികളില്‍ വേവിക്കാതെ ഉത്പാദിപ്പിക്കുന്ന ഏക ഭക്ഷ്യോത്പന്നം എന്ന നിലയിലാണ് നോണ്‍വെജ് മയോണൈസ് നിരോധിക്കാൻ തീരുമാനിച്ചത്. മുട്ട 70 ഡിഗ്രി സെൽഷ്യസ് ചൂട് വെളളത്തിൽ 3 മിനിറ്റ് തിളപ്പിച്ച് പച്ചവെളളത്തിൽ തണുപ്പിച്ചാണ് പാസ്ചറൈസ് ചെയ്യുന്നത്.

Share This Post
Exit mobile version