Press Club Vartha

ശബരിമലയിൽ ഏലയ്ക്ക ഇല്ലാത്ത അരവണ വിതരണം ആരംഭിച്ചു

പത്തനംത്തിട്ട: ശബരിമലയിൽ ഏലയ്ക്ക ഇല്ലാത്ത അരവണ വിതരണം ആരംഭിച്ചു. അരവണക്കായി ഉപയോഗിക്കുന്ന ഏലയ്ക്കയിൽ അനുവദനീയമായതിനേക്കാൾ അളവിൽ കീടനാശിനികളുടെ സാനിധ്യം കണ്ടതിനെ തുടർന്ന് അരവണ വിതരണം ഹൈകോടതി വിലക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഏലയ്ക്ക ഇല്ലാത്ത അരവണ വിതരണം ആരംഭിച്ചത്. പുലർച്ചെ 3 മുതലുള്ള ഭക്തർക്കാണ് വീണ്ടും അരവണ നൽകി തുടങ്ങിയത്. ഇന്നുച്ചയോടെ വിതരണം പൂർത്തിയായെക്കുമെന്ന് അധികൃതർ അറിയിച്ചു. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരുടെ മേൽ നോട്ടത്തിലായിരുന്നു അരവണയുടെ നിർമാണം.

ശബരിമലയിൽ നേരത്തെ തയ്യാറാക്കി വച്ചിരുന്ന 7,07,157 ടിന്‍ അരവണയാണ് ഹൈകോടതി വിലക്ക് വന്നതോടെ ഭ‍ക്ഷ്യസുരക്ഷ വിഭാഗം സീൽ ചെയ്തത്. ഇതോടെ ദേവസ്വം ബോർഡിന് 7 കോടിയിലേറെ നഷ്ടം വന്നെന്നാണ് കണക്ക്. അരവണക്കായി ഉപയോഗിക്കുന്ന ഏലയ്ക്കയിൽ അനുവദനീയമായതിനേക്കാൾ അളവിൽ കീടനാശിനികളുടെ സാനിധ്യം കണ്ടതിനെ തുടർന്നാണ് വിതരണം തടഞ്ഞത്. 62 മുതൽ 69 വരെയുള്ള ബാച്ചുകളിലെ അരവണയ്ക്കാണ് പൂട്ടുവീണത്. ഇതിനെതിരെയായി ഏലയ്ക്ക കരാറുക്കാരനെതിരെ ബോർഡ് കടുത്ത നടപടി എടുക്കുമെന്നാണ് സൂചന. നഷ്ടം കരാറുക്കാരനിൽ നിന്ന് ഈടാക്കുമെന്നാണ് ബോർഡിന്‍റെ നീക്കം.

ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം ഈ ഏലക്കയിൽ കണ്ടെത്തിയതായാണ് റിപ്പോർട്ട്. അതിനാൽ തന്നെ ഏലക്കയ്ക്ക് ഗുണനിലവാരമില്ലെന്ന് വ്യക്തമാകുന്നു. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഏലയ്ക്ക സുരക്ഷിതമല്ലെന്നും റിപ്പോർട്ട് പറയുന്നു.

Share This Post
Exit mobile version