തിരുവനന്തപുരം: കുട്ടിക്കാലത്ത് ഒരു ബാലരമ പോലും വായിച്ചിട്ടില്ലാത്ത തന്റെ ജീവിതത്തില്‍ മാറ്റം വരുന്നത് ജയില്‍ വാസത്തോട് കൂടിയാണെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ അമയ്യ പ്രസാദിന്റെ ഞാന്‍ എന്ന പുസ്തക പ്രകാശനത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ഷൈന്‍ ടോം ചാക്കോ മനസ്സ് തുറന്നത്.
”നാളെ ഇറങ്ങാമെന്ന് പറഞ്ഞാണ് സബ്ജയിലിലേക്ക് കേറ്റിവിട്ടത്. അതിനകത്ത് കിടന്ന് ജീവിതത്തിലെ സകല പ്രതീക്ഷകളും നഷ്ടപ്പെട്ടു. അടുത്ത ദിവസത്തെ പ്രഭാതത്തിന് താന്‍ എന്തിന് കാത്തിരിക്കുന്നു എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് സഹതടവുകാരന്‍ പൗലോ കൊയ്‌ലോയുടെ പുസ്തകം കൊണ്ട് തരുന്നത്. ആദ്യമായി അത് വായിച്ചു തുടങ്ങി. ഓരോ ദിവസവും രണ്ട് പേജ് വച്ച് വായിച്ചു തുടങ്ങി. അങ്ങനെ മെല്ലെ പ്രതീക്ഷകള്‍ കൈവന്നുതുടങ്ങി. അപ്പോഴാണ് ഒരു പുസ്‌കം ഒരു മനുഷ്യന്റെ ജീവിതത്തില്‍ എത്രമാത്രം പ്രധാനമാണെന്ന് തിരിച്ചറിഞ്ഞത്”. ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തോട് ഇപ്പോഴും ആളുകള്‍ക്ക് അയിത്തമാണ്. അവരെയും നമ്മോടൊപ്പം കൂട്ടണം. പുരുഷന്മാര്‍ക്ക് ഇപ്പോഴും ലൈംഗിക ദാരിദ്ര്യമുണ്ട്. ലൈംഗികത എന്താണെന്ന് കുട്ടികള്‍ക്ക് പറഞ്ഞ് നല്‍കാന്‍ സമൂഹത്തിനാകുന്നില്ല. അതിനാലാണ് സ്ത്രീകള്‍ക്കെതിരെ ഇപ്പോഴും അതിക്രമങ്ങള്‍ നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.