Press Club Vartha

കായികരംഗം സജീവമാക്കി യുവജന പങ്കാളിത്തം ഉറപ്പാക്കും: മന്ത്രി ജി.ആർ അനിൽ

വെമ്പായം: കായികരംഗം സജീവമാക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്നും അതിലൂടെ യുവജനതയുടെ വിലപ്പെട്ട പങ്കാളിത്തമാണ് ലക്ഷ്യമിടുന്നതെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. കായിക മത്സരങ്ങൾ ഉത്സവാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ ജില്ലാ ഗെയിംസ് ഫെസ്റ്റിവൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ആസൂത്രണ സമിതിയുടെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കായിക കേരളത്തിന് ഉന്മേഷം പകരുകയും പുതിയ പ്രതിഭകളെ കണ്ടെത്തുകയുമാണ് ലക്ഷ്യം. നാല് ദിവസങ്ങളിൽ വിവിധ വേദികളിലായാണ് പരിപാടി നടക്കുക. കന്യാകുളങ്ങര നടന്ന കബഡിയോടെ മത്സരങ്ങൾ ആരംഭിച്ചു. 14 ന് വൈകിട്ട് 4 മുതൽ വേങ്കോട് വോളിബോൾ, ലൂർദ് മൗണ്ട് എച്. എസ്.എസിൽ രാവിലെ 8 മുതൽ ഫുട്‌ബോൾ, 15 ന് കരകുളം ഗവ. വി.എച്ച്.എസ്.എസിൽ ക്രിക്കറ്റ് എന്നിവയാണ് പ്രധാന മത്സരങ്ങൾ. ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളും നാല് മുന്‍സിപ്പാലിറ്റികളും തിരുവനന്തപുരം കോര്‍പ്പറേഷനും മത്സരങ്ങളില്‍ പങ്കെടുക്കും. വിജയികൾക്ക് 16 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.

കന്യാകുളങ്ങര ജങ്ഷനിൽ നടന്ന പൊതുസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജ ബീഗം അധ്യക്ഷയായി. ഡി. കെ മുരളി എം.എൽ.എ മുഖ്യ അതിഥിയായി. നെടുമങ്ങാട് ടൗൺ മുനിസിപ്പൽ ചെയർപേഴ്‌സൺ സി.എസ് ശ്രീജ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് ഗ്രാന്റ് ഓഡിറ്റോറിയത്തിൽ നിന്നും സമ്മേളന വേദിയിലേക്കുള്ള വിളംബരജാഥയും ശ്രദ്ധേയമായി.

Share This Post
Exit mobile version