Press Club Vartha

മകരവിളക്ക് ഇന്ന്; ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്

പത്തനംത്തിട്ട: മകരവിളക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ശബരിമലയിൽ വൻ ഭക്തജന തിരക്ക്. ശബരിമല പരിസരം മാത്രമല്ല മകരജ്യോതി കാണാവുന്ന സ്ഥലങ്ങളെല്ലാം ഭക്തരെക്കൊണ്ടു നിറഞ്ഞു. സന്നിധാനത്തും പരിസരത്തും മാത്രം ഒരു ലക്ഷത്തിലേറെപ്പേർ തമ്പടിച്ചിട്ടുണ്ട്. വൈകിട്ട് ആറരക്ക് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനക്ക് ശേഷമാണ് പൊന്നമ്പല മേട്ടിലെ മകരജ്യോതി ദർശനം.

ഇന്നു വൈകിട്ട് 6.20ന് ശേഷം സംക്രമ സന്ധ്യയിൽ അയ്യപ്പനു ചാർത്താനുള്ള തിരുവാഭരണവുമായുള്ള ഘോഷയാത്ര സന്നിധാനത്തെത്തും. തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി കെ ജയരാമൻ നമ്പൂതിരി എന്നിവർ ചേർന്നു ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങും. തിരുവാഭരണങ്ങൾ അണിയിച്ചുള്ള ദീപാരാധനയ്ക്ക് ശേഷം 6.30നും 6.50നും മധ്യേ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. രാത്രി 8.45ന്‌ മകരസംക്രമ പൂജ നടക്കും. നെയ്യഭിഷേകവും തിരുവാഭരണങ്ങൾ അണിഞ്ഞുള്ള വിഗ്രഹ ദർശനവുമുണ്ടാകും.

മകരജ്യാതി ദർശനം പത്തിടങ്ങളിൽ ഒരുക്കിട്ടുണ്ട്. സുരക്ഷക്ക് 2000 പോലീസുകാരെയാണ് പമ്പ മുതൽ സന്നിധാനം വരെ വിന്യസിച്ചിരിക്കുന്നത്. തിരുവാഭരണ ഘോഷയാത്ര വരുന്നതിനാൽ ഉച്ചക്ക് 12 മണിക്ക് ശേഷം പമ്പയിൽ നിന്ന് തീർത്ഥാടകരെ കടത്തിവിടില്ല. തീർഥാടകർക്ക് 19 വരെയാണ് ദർശനം. തീർഥാടനത്തിനു സമാപനം കുറിച്ച് 20ന് രാവിലെ 6.30ന് ക്ഷേത്രനട അടയ്ക്കും.

ഇടുക്കിയിൽ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ മകരജ്യോതി ദ‍ശനത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. മൂന്നിടത്തും ജില്ലാകളക്ടർ ഷീബ ജോർജെത്തി ഒരുക്കങ്ങൾ വിലയിരുത്തി. മെഡിക്കൽ സംവിധാനങ്ങൾ, ഫയർഫോഴ്‌സിന്‍റെ ഉൾപ്പെടെയുള്ള ആംബുലൻസ് സേവനങ്ങൾ, റിക്കവറി വാൻ എന്നിവയെല്ലാം സജ്ജമാണെന്ന് കളക്ടർ അറിയിച്ചു.

Share This Post
Exit mobile version