മധുര: തമിഴ്നാട്ടിൽ മാട്ടുപ്പൊങ്കൽ ആഘോഷത്തിനിടെ നടന്ന ജല്ലിക്കെട്ടുകളിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. നൂറിലേറെ പേർക്കു പരുക്കേറ്റു. മധുര പാലമേട്ടിലും ട്രിച്ചി സുരൈയൂരിലുമാണ് അപകടം നടന്നത്. വ്യത്യസ്ത അപകടങ്ങളിളായി കാളപ്പോരുകാരൻ അരവിന്ദ് രാജ് (26), മത്സരം കാണാനെത്തിയ പുതുക്കോട്ട സ്വദേശി എം. അരവിന്ദ് (25) എന്നിവരാണു മരിച്ചത്.
ഇരുവരുടെയും കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മൂന്നു ലക്ഷം രൂപ വീതം സഹായധനം അനുവദിച്ചു. ജല്ലിക്കെട്ടുകളിൽ കൂടുതൽ കരുതലും സുരക്ഷയും സ്വീകരിക്കാനും നിർദേശം നൽകി. പാലമേട്ടിൽ ഒമ്പതു കാളകളെ കീഴ്പ്പെടുത്തിയ അരവിന്ദ് രാജ് വീണ്ടും കാളയുമായി മൽപ്പിടിത്തം നടത്തുമ്പോഴായിരുന്നു ദുരന്തം നടന്നത്. കാള, കൊമ്പിൽ തൂക്കിയെറിഞ്ഞ അരവിന്ദ് രാജിനെ ഉടൻ തൊട്ടടുത്തുള്ള ആശുപത്രിയിലും പിന്നീട് രാജാജി സർക്കാർ മെഡിക്കൽ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവിടെ കാള വിരണ്ടോടിയതിനെത്തുടർന്നു 34 പേർക്കു പരുക്കേറ്റു.
ട്രിച്ചിയിലെ സുരൈയൂരിൽ നടന്ന ജല്ലിക്കെട്ടിൽ കാള കാണികൾക്കിടയിലേക്ക് ഓടിക്കയറുകയായിരുന്നു. കാണികളുടെ കൂട്ടത്തിൽ നിന്ന പുതുക്കോട്ട സ്വദേശി അരവിന്ദ് മരിച്ചത് കൊമ്പുകൊണ്ട് പരുക്കേറ്റാണ്. ആവണിയാപുരത്ത് ഞായറാഴ്ച കാണികൾക്കിടയിലേക്കു കാള ഓടിക്കയറി 75 പേർക്കു പരുക്കേറ്റിരുന്നു. ഇവരിൽ 10 പേരുടെ നില ഗുരുതരമാണ്. 737 കാളകളെയാണ് ആവണിയാപുരത്ത് ജല്ലിക്കെട്ടിനിറക്കിയത്. 257 പേരായിരുന്നു മത്സരിച്ചത്. പാലമേട്ടിൽ 860 കാളകളെ മത്സരത്തിനിറക്കി. 335 മത്സരാർഥികളുണ്ടായിരുന്നു.