തിരുവനന്തപുരം : എസ്എംഎ ബാധിച്ച കുട്ടികൾക്ക് സ്പൈൻ സ്‌കോളിയോസിസ് സർജറിയ്ക്കായി സംവിധാനം ഏർപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സർക്കാർ മേഖലയിൽ ആദ്യമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ഓർത്തോപീഡിക് വിഭാഗത്തിൽ പ്രത്യേക സംവിധാമൊരുക്കുമെന്നും ഓപ്പറേഷൻ ടേബിൾ ഉൾപ്പെടെ സജ്ജമാക്കുമെന്നും വീണാ ജോർജ് പറഞ്ഞു.
സ്വകാര്യ ആശുപത്രികളിൽ 15ലക്ഷത്തോളം രൂപയാണ് ഈ സർജറിക്കായി ചെലവുവരുന്നത്.എന്നാൽ സർക്കാർ പദ്ധതി വഴി മെഡിക്കൽ കോളേജിൽ സൗജന്യമായി ചെയ്തുകൊടുക്കും. ഇതിനായി വീണാ ജോർജിൻ്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു.
നട്ടെല്ലിൻ്റെ വളവ് സർജറിയിലൂടെ നേരെയാക്കുന്നതാണ് സ്പൈൻ സ്‌കോളിയോസിസ് സർജറി. എട്ട് മുതൽ 12 മണിക്കൂർ സമയമെടുക്കുന്ന സങ്കീർണ ശസ്ത്രക്രിയയാണിത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിലവിൽ 300 ഓളം സ്പൈൻ സ്‌കോളിയോസിസ് സർജറികൾ നടത്തിയതിൻ്റെ അനുഭവ പരിചയവുമായാണ് പുതിയ സംരംഭത്തിലേക്ക് കടക്കുന്നത്. എൻ.എച്ച്.എം. വഴി അനസ്തീഷ്യ ഡോക്ടറുടെ സേവനം ഇതിനായി ലഭ്യമാക്കും.
എസ്.എം.എ. രോഗികളുടെ ചികിത്സയ്ക്കായി സർക്കാർ മേഖലയിൽ ആദ്യമായി ഈ സർക്കാർ എസ്.എം.എ. ക്ലിനിക് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ ആരംഭിച്ചു. എസ്.എ.ടി. ആശുപത്രിയെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അപൂർവ രോഗങ്ങൾക്ക് വേണ്ടിയുള്ള സെന്‍റർ ഓഫ് എക്‌സലൻസ് പട്ടികയിൽ അടുത്തിടെ ഉൾപ്പെടുത്തി. ഇതുകൂടാതെയാണ് എസ്.എം.എ. ബാധിച്ച കുട്ടികൾക്ക് സ്പൈൻ സ്‌കോളിയോസിസ് സർജറിയ്ക്ക് പുതിയ സംവിധാനം വരുന്നത്.