തിരുവനന്തപുരം: കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന് സംവിധായകരായ ജിയോ ബേബിയും വിധു വിന്‍സെന്റും ആവശ്യപ്പെട്ടു. സമാധാനപരമായി സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ കേള്‍ക്കാതെ ഉത്തരേന്ത്യയ്ക്കു സമാനമായ രീതിയില്‍ സ്ഥാപനം ദീര്‍ഘകാലം അടച്ചിടുന്ന ജനാധിപത്യവിരുദ്ധ നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
അടൂര്‍ ഗോപാലകൃഷ്ണനൊപ്പം ഇടതു സര്‍ക്കാരിനും ജനാധിപത്യ ബോധം നഷ്ടമായി. ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പ്രമുഖ ജാതിയില്‍പ്പെട്ട ആളാണ് പരാതി ഉന്നയിച്ചിരുന്നതെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമായിരുന്നു. പഴയിടത്തിനടുത്തും ബിഷപ്പിന്റെ അടുത്തും പോയത് കേരളം കണ്ടതാണെന്നും ഇവര്‍ പറഞ്ഞു. ആക്ടിവിസ്റ്റുകളായ ശ്രീജ നെയ്യാറ്റിന്‍കര, കുക്കു ദേവകി, ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥി ജിതിന്‍ നാരായണന്‍ എന്നിവരും ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ പ്രതികരിച്ചു.
ജാതി പീഡനത്തിന്റെ പേരില്‍ സ്ഥാപനം കുപ്രസിദ്ധിയാര്‍ജിച്ചു. വിദ്യാര്‍ഥികളുടെ പ്രവേശനത്തില്‍ സംവരണ അട്ടിമറി നടന്നു. വനിതാ ജീവനക്കാരെ അവരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന വിധം പണിയെടുപ്പിപ്പു. അഡ്മിഷന്‍, ഇന്റര്‍വ്യൂ എന്നിവയില്‍ തുടങ്ങി കോഴ്‌സ് ഫീസ് വരെ സര്‍ക്കാര്‍ പൊതുവില്‍ നിശ്ചയിച്ച മാനദണ്ഡങ്ങളും വ്യവസ്ഥകളും ലംഘിച്ചെന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വലിയ സാമ്പത്തിക അട്ടിമറി നടന്നു. സ്റ്റുഡന്റ് കൗണ്‍സില്‍ ഉന്നയിച്ച വിഷയങ്ങളുടെ മെറിറ്റ് പരിശോധിക്കാതെ സ്ഥാപന മേധാവികള്‍ പ്രതികരിക്കുന്നത്. അക്കാദമിക് കൗണ്‍സിലിലെ വിദ്യാര്‍ഥി പ്രാതിനിധ്യം എടുത്തു കളഞ്ഞെന്നും സംവിധായകര്‍ പറഞ്ഞു. ശങ്കര്‍മോഹനെ പുറത്താക്കിയതു കൊണ്ടുമാത്രം സമരം അവസാനിക്കില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.