Press Club Vartha

ആളൊഴിഞ്ഞ് തിരുവനന്തപുരം മൃഗശാല

തിരുവനന്തപുരം: വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായ തിരുവനന്തപുരം മൃഗശാലയിൽ മൃഗങ്ങൾ ചത്തോടുങ്ങുന്നുവെന്ന് റിപ്പോർട്ട്. മൂന്ന് കടുവകള്‍ ഉള്‍പ്പെടെ 422 മൃഗങ്ങളാണു അഞ്ചു വര്‍ഷത്തിനിടെ ചത്തത്. മാത്രമല്ല ഒരുവര്‍ഷത്തിനിടെ 54 കൃഷ്ണമൃഗങ്ങളുള്‍പ്പെടെ നൂറില്‍പരം മൃഗങ്ങള്‍ ചത്തു. അടുത്തിടെ ചത്ത മൃഗങ്ങളുടെ സാംപിളുകള്‍ പരിശോധിച്ചതില്‍ 20 എണ്ണത്തിന് ക്ഷയരോഗമുണ്ടായിരുന്നതായി കണ്ടെത്തി.

കഴുതപ്പുലിയെ കടുവക്കൂട്ടിലാണ് പാർപ്പിച്ചിരിക്കുന്നത്. കാണികളെ ആകർഷിച്ചിരുന്ന ജോര്‍ജ്, പൊന്നി, ആതിര എന്നീ കടുവകളൊക്കെ ഓർമ മാത്രമായി. ഇനി അവശേഷിക്കുന്നത് നാലു കടുവകൾ മാത്രം. കൂടാതെ മൃഗശാലയിലെ സിംഹങ്ങളും ഇല്ലാതായി. നിലവിൽ ഗ്രേസി എന്ന സിംഹം മാത്രമാണ് കൂട്ടിലുള്ളത്. ആയുഷ് എന്ന സിംഹം പ്രായാധിക്യത്തെ തുടര്‍ന്ന് ആശുപത്രിയിലാണ്. ജിറാഫ്, സീബ്ര, അമേരിക്കന്‍ പുലി തുടങ്ങിയവയുടെ കൂടുകൾ കാലിയാണ്.

2017ല്‍ 49, 2018ല്‍ 88, 2019ല്‍ 109, 2020ൽ 85, 2021ല്‍ 91 മൃഗങ്ങളാണ് ചത്തത്. ഒരു വര്‍ഷത്തിനുളളില്‍ ഏറ്റവും കൂടുതല്‍ ചത്തത് കൃഷ്ണമൃഗങ്ങളാണ്. 54 എണ്ണമാണ് ചത്തത്. 42 പുള്ളിമാനുകളും 3 ഇഗ്വാനകളും 3 കാട്ടുപോത്തുകളും ചത്തു. വിവിധയിനത്തില്‍പെട്ട 24 പക്ഷികള്‍, 12 ലക്ഷം വീതം വിലയുളള രണ്ടു പ്രത്യേകയിനം തത്തകള്‍, അനക്കോണ്ട എന്നിവയും ചത്തു. ക്ഷയരോഗം സ്ഥിരീകരിച്ചതിനാല്‍ നടപടിയാവശ്യപ്പെട്ട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസില്‍നിന്ന് മൃഗശാലാ ഡയറക്ടര്‍ക്ക് കത്തയച്ചിട്ടുണ്ട്.

 

Share This Post
Exit mobile version