പാലക്കാട്: ഒറ്റയാൻ പി ടി ഏഴാമനെ മയക്കുവെടിവച്ചു. മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിർത്തിക്കടുത്ത് കണ്ടെത്തിയ ഒറ്റയാൻ വനംവകുപ്പിന്റെ നിരീക്ഷണവലയത്തിലായിരുന്നു. ആനയുടെ തുടർചലനങ്ങൾ നിരീക്ഷിച്ചുവരികയാണ്. ദൗത്യം വിജയമെന്ന സൂചനയാണ് ലഭിച്ചതെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. നാളുകളായുള്ള ആശങ്കയ്ക്ക് താൽകാലിക പരിഹാരമായെന്ന് നാട്ടുകാർ പറഞ്ഞു.
75 അംഗ ദൗത്യസംഘത്തിന് നേതൃത്വം നൽകുന്നത് ചീഫ് ഫോറസ്റ്റ് വെറ്റിനറി സർജൻ അരുൺ സഖറിയ ആണ്. ഉടനെ തന്നെ പി.ടി.ഏഴാമനെ ധോണിയിലെ കൂട്ടിലെത്തിക്കും. കൂട്ടിലെത്തിക്കാനുള്ള ലോറിയും ക്രെയ്നും കാട്ടിലേക്ക് പുറപ്പെട്ടു. കൂടാതെ മുത്തങ്ങയിൽ നിന്ന് വിക്രം, ഭരതന്‍, സുരേന്ദ്രൻ എന്നീ കുങ്കിയാനകളെയും ഇതിനായി സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
രണ്ട് കുങ്കികൾ രണ്ടു വശത്തു നിന്നു തള്ളുകയും മറ്റൊന്ന് പിന്നിൽ നിന്ന് ഉന്തിയുമാണു ലോറിയിൽ കയറ്റുക. ചെങ്കുത്തായ മലയിടുക്കിൽ നിലയുറപ്പിച്ചതിനെ തുടർന്ന് പി ടി ഏഴാമനെ പിടികൂടാനുള്ള ശ്രമം ഇന്നലെ അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഏഴുമാസമായി പാലക്കാട് ധോണി നിവാസികളിൽ ഭീതി പരത്തുകയായിരുന്നു പി ടി ഏഴാമൻ.