Press Club Vartha

കേരളത്തിലെ ആദ്യ രണ്ട് ലിക്വഫൈഡ് കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (എൽസിഎൻജി) സ്റ്റേഷനുകള്‍ ആരംഭിച്ച് എജി ആൻഡ് പി പ്രഥം

തിരുവനന്തപുരം: രാജ്യത്തെ സിറ്റി ഗ്യാസ് വിതരണ രംഗത്തെ മുന്‍നിര കമ്പനിയായ എജി ആന്‍ഡ് പി പ്രഥം കേരളത്തില്‍ രണ്ടിടങ്ങളില്‍ ലിക്വഫൈഡ് കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (എൽസിഎൻജി) സ്റ്റേഷനുകള്‍ ആരംഭിച്ചു. തിരുവനന്തപുരത്ത് കൊച്ചുവേളിയിലും ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലുമാണ് സ്റ്റേഷനുകൾ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍സിഎന്‍ജി സ്റ്റേഷനുകളുടെ ഉദ്ഘാടനം ഓൺലൈനായി നിര്‍വഹിച്ചു. സംസ്ഥാന വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി. രാജീവ്, എജി ആൻഡ് പി പ്രഥം മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അഭിലേഷ് ഗുപ്ത തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വാഹനങ്ങളും വ്യവസായങ്ങളും മൂലമുണ്ടാകുന്ന വായു മലിനീകരണം കുറയ്ക്കാനും, ഊര്‍ജ പര്യാപ്തതയിലേക്ക് രാജ്യത്തെ നയിക്കാനും പ്രകൃതി വാതകം സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍സിഎന്‍ജി സ്റ്റേഷനുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പറഞ്ഞു. ഗാര്‍ഹിക പൈപ്പ് വഴിയുള്ള പ്രകൃതിവാതകത്തിന്റെ ഉപയോഗം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും ലാഭകരവുമാണ്. കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുകയും ചെയ്യുന്നു. പരമ്പരാഗത ഇന്ധനങ്ങളായ ഡീസല്‍, പെട്രോള്‍ എന്നിവയെ അപേക്ഷിച്ച് സിഎന്‍ജിയുടെ ഉപയോഗത്തിന് നിരവധി ഗുണങ്ങളുണ്ട്. ഇത് കേരളത്തില്‍ പരിസ്ഥിതി സൗഹൃദ ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ സഹായിക്കും. സംസ്ഥാനത്തുടനീളം ഗ്യാസ് വിതരണ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും, ക്ലീന്‍ എനര്‍ജി സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിനും നമ്മൾ പ്രതിജ്ഞാബദ്ധരാണ്. ആ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിലേക്ക് എജി&പി പ്രഥം പോലെയുള്ള കമ്പനികളുടെ സേവനം സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. അവരുടെ തുടര്‍ച്ചയായ ശ്രമങ്ങള്‍ ഈ ലക്ഷ്യം കൈവരിക്കാനും ജനങ്ങള്‍ക്കിടയില്‍ പ്രകൃതി വാതകം കൂടുതലായി ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കേരളത്തില്‍ രണ്ട് എല്‍സിഎന്‍ജി സ്റ്റേഷനുകള്‍ ആരംഭിച്ചത് കേരളത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണെന്ന് എജി ആൻഡ് പി പ്രഥം മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അഭിലേഷ് ഗുപ്ത വ്യക്തമാക്കി. സിറ്റി ഗ്യാസ് വിതരണ പദ്ധതിക്കായുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും വലിയ പിന്തുണയാണ് നല്‍കുന്നത്. കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വരുന്ന എട്ട് വർഷം കൊണ്ട് 291 സിഎൻജി സ്റ്റേഷനുകൾ കമ്പനി ആരംഭിക്കും. ആയിരക്കണക്കിന് കുടുംബങ്ങൾ, വാണിജ്യ-വ്യവസായ ശാലകൾ തുടങ്ങിയവക്ക് സേവനങ്ങൾ നൽകുക, 1500 ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയും കമ്പനി ലക്ഷമിടുന്നുണ്ടെന്നും അഭിലേഷ് ഗുപ്ത കൂട്ടിച്ചേര്‍ത്തു.

പ്രതിദിനം 200 ടണ്‍ പ്രകൃതിവാതകം കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള എല്‍സിഎന്‍ജി സ്റ്റേഷനുകളാണ് കൊച്ചുവേളിയിലും, ചേര്‍ത്തലയിലും പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളതെന്ന് എജി ആൻഡ് പി പ്രഥം റീജിയണല്‍ ഹെഡ് രഞ്ജിത് രാമകൃഷ്ണന്‍ പറഞ്ഞു. കൊച്ചുവേളി സ്റ്റേഷൻ തിരുവനന്തപുരം ജില്ല, കൊല്ലം ജില്ലയുടെ തെക്കൻ ഭാഗങ്ങൾ തുടങ്ങിയ പ്രദേശങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണ്. ചേർത്തല സ്റ്റേഷൻ ആലപ്പുഴ ജില്ല, കൊല്ലം ജില്ലയുടെ വടക്കൻ പ്രദേശങ്ങൾ എന്നിവയുടെ പ്രകൃതിവാതക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാണ്. ഉപഭോക്താക്കള്‍ക്കും പരിസ്ഥിതിക്കും പ്രയോജനകരമായ നിരവധി നേട്ടങ്ങള്‍ സിഎന്‍ജിക്കും, പിഎൻജിക്കും ഉണ്ടെന്നും, ശുദ്ധവും പരിസ്ഥിതി സൗഹൃദവുമായ ഇന്ധനങ്ങളുടെ ഉപയോഗം സുസ്ഥിര വികസനത്തിലേക്കുള്ള സംസ്ഥാനത്തിന്റെ യാത്രയില്‍ അവിഭാജ്യ ഘടകമാണെന്നും രഞ്ജിത് രാമകൃഷ്ണന്‍ വ്യക്തമാക്കി.

ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് എജി ആന്‍ഡ് പി പ്രഥം നിലവില്‍ കേരളത്തില്‍ സിറ്റി ഗ്യാസ് വിതരണ നെറ്റ് വര്‍ക്കുകള്‍ വികസിപ്പിക്കുന്നത്. ആലപ്പുഴയില്‍ 11, കൊല്ലത്ത് 2, തിരുവനന്തപുരം ജില്ലയില്‍ 7 സിഎന്‍ജി സ്റ്റേഷനുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വര്‍ഷം മാര്‍ച്ചോടെ സംസ്ഥാനത്ത് 23 സിഎന്‍ജി സ്റ്റേഷനുകള്‍ കൂടി ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

കൊച്ചുവേളി എല്‍സിഎന്‍ജി സ്റ്റേഷന്‍ 9,500 വാഹനങ്ങള്‍ക്കും 80,000 വീടുകള്‍ക്കും 1,000 വാണിജ്യ സ്ഥാപനങ്ങള്‍ക്കും പ്രയോജനകരമാകും. ചേര്‍ത്തല സ്റ്റേഷന്‍ 6,000 വാഹനങ്ങള്‍ക്കും 80,000 വീടുകളിലേക്കും 1,000 വാണിജ്യ സ്ഥാപനങ്ങള്‍ക്കും സേവനം ലഭ്യമാക്കാന്‍ പര്യാപ്തമാണ്.2023 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ തിരുവനന്തപുരം നഗരസഭ പരിധിയിലും, ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല മുനിസിപ്പാലിറ്റി, വയലാര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലും 361 കിലോമീറ്റര്‍ ദൂരമുള്ള പൈപ്പ് ലൈന്‍ ശൃംഖല കമ്പനി വികസിപ്പിക്കും.

Share This Post
Exit mobile version