Press Club Vartha

തിരുവല്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

തിരുവല്ല: തിരുവല്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. നഗരസഭയിലെ രണ്ടു വാര്‍ഡുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. തിരുവല്ല നഗരസഭയിലെ വാര്‍ഡ് 34 (മേരിഗിരി), വാര്‍ഡ് 38 (മുത്തൂര്‍) എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ പ്രദേശങ്ങളിലെ ഓരോ വീടുകളിലെ കോഴികളില്‍ അസാധാരണമായ മരണനിരക്ക് ഉണ്ടാവുകയും പക്ഷിപ്പനിക്ക് സമാനമായ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഈ സ്ഥലത്തെ കോഴികളുടെ സാമ്പിള്‍ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍( എന്‍.ഐ.എച്ച്.എസ്.എ. ഡി) അയച്ചിരുന്നു. ഇതിൻ്റെ പരിശോധനാഫലം ലഭ്യമായതിലാണ് പക്ഷിപ്പനി (എച്ച്5എന്‍1) സ്ഥിരീകരിച്ചത്.

ഇതിൻ്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചു. തിരുവല്ല, ഓതറ (ഇരവിപേരൂര്‍), കവിയൂര്‍, പുറമറ്റം, പെരിങ്ങര, കുന്നന്താനം, കല്ലൂപ്പാറ, നിരണം, കുറ്റൂര്‍, നെടുമ്പ്രം, കടപ്ര എന്നീ പ്രദേശങ്ങളാണ് നിരീക്ഷണ മേഖലയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

Share This Post
Exit mobile version