തിരുവനന്തപുരം: വീട്ട് ജോലികളിലും കുടുംബ പ്രശ്നങ്ങളിലും മുഴുകി കഴിയുന്ന സ്ത്രീകൾക്ക് സാമൂഹ്യ സേവനരംഗത്തും സാംസ്കാരിക സംരംഭങ്ങളിലും സാന്നിധ്യം ഉറപ്പാക്കാന്‍ വനിതാ സംഘടനകൾ ശ്രമിക്കണമെന്ന് കിംസ് ഹെൽത്ത് സിഎംഡി ഡോ എം.ഐ സഹദുള്ള അഭിപ്രായപ്പെട്ടു. സ്നേഹതീരത്തിൻറെ വനിതാ വിഭാഗമായ പെൺമ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന വനിതാ സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനിതാ ശാക്തീകരണത്തിന് വിദ്യാഭ്യാസം പ്രധാനഘടകമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വനിതകൾ വിദ്യാഭ്യാസത്തിൽ ഏറ്റവും പിന്നോക്കം നിന്ന മലപ്പുറം ജില്ല ഇന്ന് വിദ്യാഭ്യാസത്തിൽ ഇൻഡ്യയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. അവിടത്തെ വനിതകൾ ഇന്ന് ജീവിതത്തിന്റെ വിവിധ മേഖലകളിൽ ശോഭിക്കുന്നത് നല്ല വിദ്യാഭ്യാസം നേടിയതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു .കിംസ് ഹെൽത്ത് സിഎസ്ആർ ഫണ്ടിൽ നിന്നും വിദ്യാഭ്യാസ ശാക്തീകരണത്തിനായി എത്ര തുക ചിലവഴിക്കുന്നതിലും തനിക്ക് സന്തോഷമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പെൺമയുടെ പ്രസിഡന്റ് എ. ജബീനയുടെ അദ്ധ്യക്ഷതയിൽ നടന്ന വനിതാ സംഗമം സാഹിത്യ അക്കാദമി മുന്‍ അംഗവും എഴുത്തുകാരിയുമായ പ്രൊഫ. ജോളി വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഡോ എം ആർ തമ്പാന്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. സ്നേഹതീരം പ്രസിഡന്റ് ഇ എം നജീബ് മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി എസ് സക്കീർ ഹുസൈൻ, വൈസ് പ്രസിഡന്റുമാരായ എ നസറൂള്ള ഡോ ഷെരീഫാ സലാം, പെൺമ സെക്രട്ടറി നിസാ മജീദ് ജോയിന്റ് സെക്രട്ടറി സീനാ ഹുസൈൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.