Press Club Vartha

ഉത്സവകാല ഭക്ഷണ ശീലങ്ങളില്‍ ജാഗ്രത വേണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലും ഉത്സവകാലം ആരംഭിച്ചതിനാല്‍ ഭക്ഷണ ശീലങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. തട്ടുകടകളിൽ നിന്നുൾപ്പെടെ ഭക്ഷണം കഴിക്കുമ്പോള്‍ അവ വൃത്തിയുള്ള സാഹചര്യത്തിലാണ് തയ്യാറാക്കുന്നത് എന്നും ഭക്ഷണം അടച്ച് സൂക്ഷിച്ചിട്ടുണ്ട് എന്നും ഉറപ്പുവരുത്തുക. വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം,ഷിഗല്ല, കോളറ തുടങ്ങിയ രോഗങ്ങള്‍ മലിനജനത്തിലൂടെയും വൃത്തിഹീനമായി തയ്യാറാക്കിയ ആഹാരത്തിലൂടെയുമാണ് പകരുന്നത്.

പാചകത്തിന് ശുദ്ധമായ ജലം ഉപയോഗിക്കുന്നതിനും കുടിക്കാന്‍ നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രം നല്‍കുന്നതിനും ആഹാരസാധനങ്ങള്‍ മൂടിവയ്ക്കുന്നതിനും ഹോട്ടല്‍ ഉടമകള്‍ പ്രത്യേകം ശ്രദ്ധിക്കണം. തിളപ്പിച്ച വെള്ളത്തില്‍ തിളപ്പിക്കാത്ത വെള്ളം ചേര്‍ത്ത് നല്‍കരുത്. ജ്യൂസ് കടകള്‍ ശുദ്ധമായ ജലവും ഐസ്‌ക്യൂബും മാത്രമേ ജ്യൂസ് തയ്യാറാക്കാന്‍ ഉപയോഗിക്കാവൂ.

പഴകിയ ഭക്ഷണം ഉപയോഗിക്കാതിരിക്കാനും ആഹാരത്തിന് മുന്‍പും ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുകയും വേണം. അന്നദാനം, സമൂഹസദ്യ എന്നിവ തയ്യാറാക്കുമ്പോള്‍ ശുദ്ധമായ ജലമാണ് പാചകത്തിന് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുന്നതിനോടൊപ്പം പാചകം ചെയ്യുന്നവര്‍ വ്യക്തി ശുചിത്വം പൂര്‍ണമായും പാലിക്കേണ്ടതുമാണ്. ഭക്ഷണത്തിനുശേഷം ഛര്‍ദി, വയറിളക്കം എന്നിവ അനുഭവപ്പെട്ടാല്‍ സ്വയം ചികിത്സ ചെയ്യാതെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ എത്തി ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ചികിത്സ തേടേണ്ടതാണന്നും അറിയിപ്പിൽ പറയുന്നു.

 

Share This Post
Exit mobile version