Press Club Vartha

വിദേശ വനിതയ്ക്ക് നേരെ ബലാൽസം​ഗ ശ്രമം; പ്രതികൾക്ക് എതിരെ 354 വകുപ്പ് പ്രകാരം കേസ് എടുക്കാൻ ഡിസിപി നിർദ്ദേശം നൽകി

വിഴിഞ്ഞം അടിമലത്തുറയിൽ വിദേശ വനിതയെ അഞ്ചം​ഗ സംഘം കൂട്ടം ചേർന്ന് ബലാൽസം​ഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കേസ് എടുക്കാൻ ഡിസിപി നിർദ്ദേശം നൽകി. സംഭവം നടന്ന് 48 മണിയ്ക്കൂർ കഴിഞ്ഞിട്ടും വിഴിഞ്ഞം പോലീസ് കേസ് എടുക്കാതത് വിവാദമായതിനെ തുടർന്നാണ് ഡിസിപി നിർദ്ദേശം നൽകിയത്. രണ്ട് ദിവസം മുൻപ് രാത്രി അടിമലത്തുറ വഴി വരുകയായിരുന്ന വിദേശ വനിതയെ ടാക്സി ഡ്രൈവറുടെ നേതൃത്വത്തിൽ പീ‍ഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. രാത്രി ജോലി കഴിഞ്ഞ് മടങ്ങിയ ഹോട്ടൽ ഷെഫ് സംഭവം തടുക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവതി രക്ഷപ്പെട്ടു ഹോട്ടലിൽ അഭയം നേടുകയായിരുന്നു. തുടർന്ന് അഞ്ചം​ഗം സംഘം ഷെഫിനെ മാരകമായി ആക്രമിച്ചു.

സംഭവത്തെ തുടർന്ന് യുവതിയും, ഹോട്ടൽ മാനേജ്മെന്റും പരാതി നൽകി. വിഴിഞ്ഞം സ്റ്റേഷനിലെ രണ്ട് പോലീസുകാർ എത്തിയ ദ്വിഭാഷിയുടെ സഹായത്തോടെ മൊഴി എടുത്തിരുന്നുവെങ്കിലും വ്യാഴാഴ്ച വൈകുന്നേരം വരെ വിഴിഞ്ഞം പോലീസ് കേസ് എടുക്കുവാനോ പ്രതികളെ പിടികൂടാണാനോ തയ്യാറായില്ല. തുടർന്ന് വിദേശികൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി എത്തി ഉന്നത ഉദ്യോ​ഗസ്ഥരെ വിവരം അറിയച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട ഡിസിപി വിഴിഞ്ഞം ഇൻസ്പെക്ടറോട് യുവതിയെ നേരിൽ കണ്ട് മൊഴി രേഖപ്പെടുത്തി കേസ് എടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.

അടിമലതുറ കേന്ദ്രീകരിച്ച് പകൽ സമയം പോലും ലഹരി ഉപയോ​ഗിച്ച് വിദേശികൾ ഉൾപ്പെടെയുളളവർക്ക് നേരെയുള്ള അതിക്രമം നിത്യ സംഭവമാണെന്ന് പറയപ്പെടുന്നു. എന്നാൽ പോലീസ് ഈ ഭാ​ഗത്ത് വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്നും ആരോപണം ഉണ്ട്.

Share This Post
Exit mobile version