Press Club Vartha

വിഴിഞ്ഞം തുറമുഖവികസന പദ്ധതിക്കായി 1000 കോടി രൂപ: ധനമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം വികസനം ഏറ്റവും പ്രധാനപ്പെട്ടതെന്ന് ധനമന്ത്രി. ലോകത്തെ പ്രധാന തുറമുഖങ്ങളുടെ മാതൃകയിൽ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കുമെന്നും ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാൻസ് ഷിപ്‌മെന്‍റ് കണ്ടെയ്‌നർ തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞത്തിന് മാറാൻ കഴിയുമെന്നും ധനമന്ത്രി പറഞ്ഞു. വഴിഞ്ഞം തുറമുഖത്തിന് ചുറ്റുമായി വ്യവസായി ഇടനാഴിക്കായി കിഫ്ബി വഴി 1000 കോടി അനുവദിച്ചു. ഇടനാഴിക്ക് ഒപ്പം താമസ സൗകര്യങ്ങളും അനുവദിക്കും.

പ്രവാസികൾക്ക് ആശ്വാസമായി ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തുമെന്ന് ബജറ്റിൽ പ്രഖ്യാപനം. വിമാനക്കൂലി കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും വിമാനക്കൂലി നിയന്ത്രിച്ചു നിർത്താന്‍ കോർപ്പസ് ഫണ്ട് സ്ഥാപിക്കുമെന്നും ഇതിനായി 50 കോടി മാറ്റിവയ്ക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

കേരളത്തിന്‍റെ ആഭ്യന്തര ഉത്പാദനവും തൊഴില്‍ സംരംഭ നിക്ഷേപ അവസരങ്ങളും വര്‍ധിപ്പിക്കാന്‍ മേക്ക് ഇന്‍ കേരള പദ്ധതി വികസിപ്പിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. മേക്ക് ഇൻ കേരളയുമായി ബന്ധപ്പെട്ട് വിശദമായ പഠനം സെന്‍റർ ഫോർ ഡെവലപ്മെന്‍റ് സ്റ്റഡീസ് നടത്തിയിരുന്നു. പദ്ധതി കാലയളവിൽ 1000 കോടി അനുവധിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എയര്‍ സ്ട്രിപ്പുകള്‍ സ്ഥാപിക്കുന്നതിനായി കമ്പനി രൂപീകരിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണു കമ്പനി രൂപീകരിക്കുക. ഇതിനായി 20 കോടി രൂപ അനുവദിച്ചു.

നഗരവികസനത്തിനായി 100 കോടി രൂപ കിഫ്ബി വഴി ലഭ്യമാക്കും. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളുടെ വികസനത്തിനു മാസ്റ്റര്‍പ്ലാന്‍ തയാറാക്കാന്‍ അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍റിനെ നിയമിക്കും. ദേശീയപാതാ വികസനത്തിനായി 5580 കോടി രൂപ നേരത്തെ നിക്ഷേപിച്ചിട്ടുണ്ടെന്നു ധനമന്ത്രി വ്യക്തമാക്കി. ദേശീയപാത വികസനം മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.

Share This Post
Exit mobile version