തിരുവനന്തപുരം: റബ്ബർ കർഷകരെ സഹായിക്കുന്നതിന്‍റെ ഭാഗമായി സബ്സിഡിയിൽ 600 കോടി രൂപ വർധിപ്പിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം പൂർണ ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കുകയാണ് ധനമന്ത്രി. സംസ്ഥാനം ധന പ്രതിസന്ധിയിൽ നിന്നും കര കയറിയ വർഷമായിരുന്നു കഴിഞ്ഞു പോയതെന്നും കാർഷിക വ്യവസായ മേഖലകളിലടക്കം വളർച്ചയുണ്ടായതായും മന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
സർക്കാർ സേവനങ്ങൾ കൂടുതൽ ഓൺലൈനിലേക്കു മാറ്റുമെന്നും ധന മന്ത്രി പറഞ്ഞു. കൂടാതെ കൊച്ചിയിലും തിരുവനന്തപുരത്തും ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബിനായി 200 കോടി രൂപയും ബഡ്ജറ്റിൽ അനുവദിച്ചു. തിരുവനന്തപുരത്ത് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് മെയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. മെയ്ക്ക് ഇന്‍ കേരള പദ്ധതിക്ക് 100 കോടി രൂപ അനുവദിച്ചു. മെയ്ക്ക് ഇന്‍ കേരളയിലൂടെ കാര്‍ഷിക സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കും.
ജോലിക്കായി യുവാക്കള്‍ കേരളം വിട്ടു പോകുന്ന സാഹചര്യമാണെന്നും, അവര്‍ക്ക് കാര്യമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കി കേരളത്തില്‍ തന്നെ തുടരുന്ന സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
മാത്രമല്ല വിലക്കയറ്റം നിയന്ത്രിക്കാന്‍ 2000 കോടി അനുവദിച്ചു. പോയവർഷം വിലക്കയറ്റം ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിച്ചിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്രം സംസ്ഥാനത്തിനു നല്‍കുന്ന സഹായം കുറഞ്ഞുവെന്നു ധനമന്ത്രി പറഞ്ഞു. ഈ വര്‍ഷം ധനഞെരുക്കം പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി.