Press Club Vartha

മെച്ചപ്പെട്ട ചികിത്സയാണ് എൻ്റെ കുടുംബവും പാര്‍ട്ടിയും നല്‍കിയിട്ടുള്ളത്; ഉമ്മന്‍ ചാണ്ടി

കോട്ടയം: തനിക്ക് കുടുംബത്തിൽ നിന്ന് മികച്ച ചികിത്സയാണ് ലഭിക്കുന്നതെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കുടുംബം തനിക്ക് തുടര്‍ചികിത്സ നൽകുന്നില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. ഫേസ്ബുക് വിഡിയോയിലൂടെയാണ് ഉമ്മന്‍ ചാണ്ടി തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.

വിദേശത്തെയും ബെംഗളൂരുവിലെയും ചികിത്സയ്ക്ക് ശേഷം ഉമ്മന്‍ചാണ്ടിക്ക് തുടര്‍ ചികിത്സ നല്‍കുന്നില്ലെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിനു പിന്നാലെയാണ് വിശദീകരണുമായി ഉമ്മന്‍ചാണ്ടിയും മകന്‍ ചാണ്ടി ഉമ്മനും വീഡിയോയുമായി എത്തിയത്. അപ്പയുടെ ചികിത്സയെക്കുറിച്ച് അദ്ദേഹം തന്നെ പറയും എന്നു ചാണ്ടി ഉമ്മൻ വ്യക്തമാക്കിയ ശേഷമാണ് ഉമ്മൻ ചാണ്ടി സംസാരിച്ചത്.

‘ചികിത്സയെക്കുറിച്ച് എനിക്കൊരു പരാതിയുമില്ല. ഏറ്റവും മെച്ചപ്പെട്ട ചികിത്സയാണ് എൻ്റെ കുടുംബവും പാര്‍ട്ടിയും നല്‍കിയിട്ടുള്ളത്. യാതൊരു വിധ വീഴ്ചയുമില്ലാത്ത വിധത്തിലാണ് ചികിത്സ. അതില്‍ ഞാന്‍ സംതൃപ്തനാണെന്നും ഉമ്മന്‍ചാണ്ടി വിഡിയോയിൽ പറഞ്ഞു.

ഈയൊരു ഖേദകരമായ സാഹചര്യമുണ്ടാക്കിയത് മാധ്യമങ്ങള്‍ ആണെന്നും ഇത്തരമൊരു ക്രൂരത തൻ്റെ കുടുംബത്തോട് ചെയ്യാന്‍ എന്താണ് കാരണമെന്ന് അറിയില്ലെന്നും മകൻ ചാണ്ടി ഉമ്മൻ പങ്കുവച്ച വിഡിയോയിൽ പറയുന്നു. കേരള സമൂഹത്തിൽ മറ്റൊരു മകന് ഈ ഗതികേട് ഉണ്ടാകാതിരിക്കാൻ പ്രാർഥിക്കുന്നതായും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

Share This Post
Exit mobile version