തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ വെള്ളക്കരം നിലവിൽ വന്നു. ശനിയാഴ്ച മുതലാണ് വർദ്ധനവ് ഉണ്ടായത്. വെള്ളിയാഴ്ചയണ് ഉത്തരവ് ഇറങ്ങിയത്. ലിറ്ററിന് ഒരു പൈസയാണ് കൂട്ടിയിരിക്കുന്നത്.
ഒരു കുടുംബത്തിന് ഇനി 200 രൂപ മുതൽ 400 രൂപ വരെയാണ് പുതുക്കിയ വെള്ളക്കരം അനുസരിച്ച് അധികം നൽകേണ്ടി വരിക. എന്നാൽ ദാരിദ്ര്യരേഖയ്ക്ക് താഴെ വരുന്നവരെ ഈ നിരക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വിവിധ സ്ലാബുകളിലായി ഒരു ലിറ്ററിന് 4.40 മുതൽ 12 രൂപ വരെയാണ് നിലവിൽ ഈടാക്കുന്നത്. പുതുക്കിയ നിരക്ക് കിലോ ലിറ്ററിന് 4.40 മുതൽ 22 രൂപവരെയാണ്.
എന്നാൽ വെള്ളകരം വർധിപ്പിച്ചതിനു വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ജനങ്ങൾക്കു ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാണ് വെള്ളക്കരം വർധിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. വെള്ളക്കരം കൂട്ടാതെ മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമാണ്. വെള്ളക്കരം കൂട്ടിയതിൽ ഇതുവരെ ഒരു ഫോൺകോൾ പോലും ലഭിച്ചിട്ടില്ല. ഒരുകുപ്പി വെള്ളം 20 രൂപയ്ക്ക് വാങ്ങുന്നവര്‍ക്ക് ലീറ്ററിന് ഒരു പൈസ അധികം നല്‍കാമെന്നും മന്ത്രി പറഞ്ഞു. കൂടിയ നിരക്ക് നല്‍കേണ്ടി വരിക മാര്‍ച്ച്, ഏപ്രില്‍ മാസത്തെ ബില്ലിലാണെന്നും അദ്ദേഹം ന്യായീകരിച്ചു.