Press Club Vartha

ഇന്ധന സെസിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: യൂത്ത് കോൺഗ്രസുകാർ തിരുവനന്തപുരത്ത് നടത്തിയ മാർച്ചിനിടെ വാഹനം കത്തിച്ചു. ബജറ്റിലെ ഇന്ധന സെസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ച്. ബൈക്ക് കൊണ്ടുവന്ന് നിയമസഭയ്ക്ക് മുന്നിലിട്ട് കത്തിച്ചു. സംഘർഷമുണ്ടായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നിയമസഭയ്ക്കു മുന്നില്‍ റോഡ് പ്രതിഷേധക്കാര്‍ ഉപരോധിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം തുടരുകയാണ്.

ഇന്ധന സെസ് പൂർണമായും പിൻവലിക്കും വരെ സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത്രയും ജനവിരുദ്ധമായ ബജറ്റ് ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്നും സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും സർക്കാരിന്റെ ധൂർത്തിന് ഒരു കുറവുമില്ലെന്നും വി.ഡി സതീശൻ ആരോപിച്ചു.

യുഡിഎഫ് എംഎൽഎമാർ ഇന്ധന സെസ് ഉൾപ്പെടെ ബജറ്റിലെ നികുതി നിർദേശങ്ങൾക്കെതിരെ നിയമസഭാ കവാടത്തിൽ സത്യഗ്രഹം തുടങ്ങി. ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം, സി.ആർ.മഹേഷ് എന്നിവരാണു സത്യഗ്രഹമിരിക്കുന്നത്.

പ്രതിപക്ഷം നികുതി വർധനയിൽ നിയമസഭയ്ക്കുള്ളിലും പ്രതിഷേധം കടുപ്പിച്ചു. ചോദ്യോത്തരവേള തുടങ്ങിയതും പ്ലക്കാർ‌ഡും ബാനറും ഉയർത്തി പ്രതിഷേധിച്ചു. സഭ ബഹിഷ്‌കരിച്ച് സമരം വേണ്ട എന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചശേഷം പ്രതിപക്ഷം ചോദ്യോത്തരവേളയുമായി സഹകരിച്ചു.

Share This Post
Exit mobile version