Press Club Vartha

മെഡിക്കൽ കോളേജിൽ ട്രാഫിക് വാർഡന്റെ മർദ്ദനം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രധാനകവാടത്തിന് സമീപം ഇക്കഴിഞ്ഞ 3 ന് വൈകിട്ട് ചികിത്സയിലിരിക്കെ മരിച്ചയാളുടെ മകനെ ട്രാഫിക് വാർഡൻമാർ മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കഴക്കൂട്ടം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

ഹൃദയസ്തംഭനം കാരണം മരിച്ചയാളുടെ മകൻ അഖിലിനും സുഹൃത്തിനുമാണ് മർദ്ദനമേറ്റത്. പട്ടം ട്രാഫിക് പോലീസ് സ്റ്റേഷനിൽ നിന്നുമയച്ച വാർഡൻമാരാണ് ഇവരെ മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു. സംഭവം നടന്ന് 3 ദിവസം കഴിഞ്ഞിട്ടും മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്തില്ലെന്ന് പരാതിക്കാരായ മുൻ കൗൺസിലർ ജി. എസ്. ശ്രീകുമാറും ജോസ് വൈ. ദാസും സമർപ്പിച്ച പരാതിയിലാണ് നടപടി. ട്രാഫിക് നിയന്ത്രണവും വാഹന പാർക്കിംഗ് കേന്ദ്രത്തിന്റെ മേൽനോട്ടവുമാണ് ട്രാഫിക് വാർഡന്റെ ചുമതല. ഇവരാണ് തങ്ങളുടെ നിയന്ത്രണ പരിധി ലംഘിച്ച് രോഗിയുടെ മകനെ മർദ്ദിച്ചത്.

Share This Post
Exit mobile version