Press Club Vartha

മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്

തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്. വെള്ളക്കരം വര്‍ധിപ്പിച്ച വിഷയത്തിലാണ് നടപടി. നിയമസഭയിലായിരുന്നു വെള്ളക്കരം വര്‍ധിപ്പിച്ച കാര്യം ആദ്യം പ്രഖ്യാപിക്കേണ്ടിയിരുന്നതെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. ചട്ടം 303 പ്രകാരം കോണ്‍ഗ്രസിന്റെ എ.പി.അനില്‍കുമാര്‍ ഉന്നയിച്ച ക്രമപ്രശ്‌നത്തിലായിരുന്നു റൂളിങ്.

സഭാ സമ്മേളന കാലയളവിലാണെങ്കില്‍ നയപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ അന്തിമതീരുമാനം കൈക്കൊള്ളുമ്പോള്‍ അക്കാര്യം സഭയില്‍ തന്നെ ആദ്യം പ്രഖ്യാപിക്കുന്ന കീഴ്‌വഴക്കമാണ് സഭയ്ക്കുള്ളതെന്നു സ്പീക്കര്‍ പറഞ്ഞു. ഇതിനു മാതൃകയായി മുന്‍കാല റൂളിങ്ങുകളുണ്ട്. സംസ്ഥാനത്ത് വെള്ളക്കരം നിരക്ക് വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് ഔദ്യോഗിക തലത്തിലുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത് തികച്ചും ഒരു ഭരണപരമായ നടപടി ആണെങ്കില്‍ പോലും സംസ്ഥാനത്ത് എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന തീരുമാനമെന്ന നിലയിലും സഭാസമ്മേളനത്തില്‍ ആയിരിക്കുന്ന സാഹചര്യത്തിലും ഇക്കാര്യം സഭയില്‍ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കില്‍ അത് ഉത്തമമായ ഒരു മാതൃക ആയേനെ എന്നും സ്പീക്കര്‍ പറഞ്ഞു.ബന്ധപ്പെട്ടവര്‍ ഭാവിയില്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.

അതേസമയം, ഒട്ടേറെ നടപടിക്രമങ്ങള്‍ക്കു ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും സര്‍ക്കാരിന്റെ നയപരമായ തീരുമാനമല്ലെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ സഭയെ അറിയിച്ചു.

Share This Post
Exit mobile version