Press Club Vartha

സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് സെറിമോണിയല്‍ പരേഡില്‍ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു

പേരൂര്‍ക്കട: സ്കൂളുകള്‍ കേന്ദ്രീകരിച്ചുളള ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളില്‍ സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ വഹിക്കുന്ന പങ്ക് തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമപരിപാലനത്തിന്‍റെ ഭാഗമായി ലഭിക്കുന്ന അടിസ്ഥാനപാഠങ്ങള്‍ വ്യക്തിജീവിതത്തില്‍ ഉപയോഗപ്പെടുത്താന്‍ കേഡറ്റുകള്‍ക്ക് കഴിയണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

തിരുവനന്തപുരത്ത് പേരൂര്‍ക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് സെറിമോണിയല്‍ പരേഡില്‍ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

തിരുവനന്തപുരം സിറ്റിയിലെയും റൂറലിലെയും സ്കൂളുകളില്‍ നിന്നായി 16 പ്ലറ്റൂണുകളാണ് പരേഡില്‍ പങ്കെടുത്തത്. അരുവിക്കര ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളിലെ സീനിയര്‍ കേഡറ്റ് ആതിര.ആര്‍.എസ് പരേഡിനെ നയിച്ചു. കോട്ടണ്‍ഹില്‍ ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്കൂളിലെ ജൂല.എസ്.നായര്‍ ആയിരുന്നു സെക്കന്‍റ് ഇന്‍ കമാന്‍ഡര്‍.

നെയ്യാറ്റിന്‍കര ഗവണ്‍മെന്‍റ് ബോയ്സ് ഹയര്‍സെക്കന്‍ററി സ്കൂളിലെ കേഡറ്റുകള്‍ നയിച്ച പ്ലറ്റൂണ്‍ ഒന്നാം സ്ഥാനം നേടി. പട്ടം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ററി സ്കൂള്‍, കോട്ടണ്‍ഹില്‍ ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 500 കേഡറ്റുകള്‍ പരേഡിന്‍റെ ഭാഗമായി. കൊല്ലം റൂറല്‍ പൂയപ്പളളി ഗവണ്‍മെന്‍റ് ഹൈസ്കൂളിലെ ബാന്‍റ് സംഘമാണ് ബാന്‍റ് ഒരുക്കിയത്.

സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍ററിന്‍റെയും സ്റ്റുഡന്‍റ് പോലീസ് കേഡറ്റിന്‍റെയും ഫെയ്സ് ബുക്ക് പേജുകളില്‍ പരേഡ് തത്സമയം സംപ്രേഷണം ചെയ്തു.

Share This Post
Exit mobile version