തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്ത് പ്രശസ്ത നര്‍ത്തകി മേതില്‍ ദേവിക ഭിന്നശേഷിക്കുട്ടികളുടെയും കാണികളുടെയും മനം കവര്‍ന്നു. ഭിന്നശേഷി ശാക്തീകരണത്തിന്റെ ഭാഗമായി ഫെബ്രുവരി 25, 26 തീയതികളില്‍ സംഘടിപ്പിക്കുന്ന സമ്മോഹന്‍ ദേശീയ കലാമേളയ്ക്ക് നാന്ദി കുറിച്ചുകൊണ്ട് ഇന്ന് (ശനി) വൈകുന്നേരം 6ന് തിരുവനന്തപുരം നിശാഗന്ധി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന എംപവറിംഗ് വിത്ത് ലൗ എന്ന കലാപരിപാടിയുടെ പരിശീലനത്തിനിടെയാണ് മേതില്‍ ദേവിക ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്തത്. സമ്മോഹനം.. സമ്മോഹനം… ശലഭനിറമികവാര്‍ന്ന സമ്മേളനം…. എന്ന തീം സോംഗിന്റെ ദൃശ്യാവിഷ്‌കാരത്തിന് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം മേതില്‍ ദേവിക ചുവടുവച്ചതോടെ കുട്ടികള്‍ ആവേശത്തിലായി. ഇന്ത്യയിലാദ്യമായി നടക്കുന്ന ഭിന്നശേഷി കലാമേളയുടെ തീം ഡാന്‍സിന് മേതില്‍ ദേവിക നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും നൃത്തചുവടുകള്‍ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്താണ് അവര്‍ മടങ്ങിയത്.
ഇന്ന് (ശനി) വൈകുന്നേരം നടക്കുന്ന എംപവറിംഗ് വിത്ത് ലൗ കലാസന്ധ്യ പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്‌കാരം ജേതാവ് ആദിത്യ സുരേഷ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ രക്ഷാധികാരി അടൂര്‍ ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. സമ്മോഹന്‍ കലോത്സവത്തിന് നാന്ദികുറിച്ചുകൊണ്ടാണ് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കുട്ടികള്‍ രണ്ട് മണിക്കൂര്‍ നീളുന്ന വിസ്മയ പ്രകടനങ്ങള്‍ അവതരിപ്പിക്കുന്നത്. കലാസന്ധ്യയില്‍ ഇന്ദ്രജാലം, സംഗീതം, നൃത്തം, ഫ്യൂഷന്‍ ഡാന്‍സ്, ചെണ്ടമേളം, സ്‌കിറ്റ് തുടങ്ങിയവ അവതരിപ്പിക്കും.
ഫെബ്രുവരി 25, 26 തീയതികളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തില്‍പ്പരം ഭിന്നശേഷിക്കുട്ടികള്‍ മേളയുടെ ഭാഗമാകും. കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്റര്‍, മാജിക് പ്ലാനറ്റ് എന്നിവയിലെ പതിനഞ്ചോളം വേദികളാണ് കലാമേളയ്ക്കായി ഉപയോഗിക്കുന്നത്.
മേളയില്‍ കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എംപവര്‍മെന്റ് ഓഫ് പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റീസിന് കീഴിലുള്ള രാജ്യത്തെ 9 നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ള കുട്ടികളും പങ്കെടുക്കും. അപാരമായ കഴിവുകള്‍ ഉള്ളിലൊളിപ്പിച്ച് സമൂഹത്തിന്റെ ഒരുകോണില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഭിന്നശേഷി വിഭാഗത്തെ മുഖ്യധാരയിലേയ്ക്ക് ഉയര്‍ത്തുന്നതിനും തുല്യനീതി ഉറപ്പാക്കുന്നതിനുമാണ് സമ്മോഹന്‍ എന്ന കലാമേള ലക്ഷ്യമിടുന്നത്.
മാജിക്, നൃത്തം, സംഗീതം, ഉപകരണസംഗീതം, ചിത്രരചന തുടങ്ങിയ വിഭാഗങ്ങളിലാണ് കുട്ടികള്‍ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. കലാപ്രദര്‍ശനങ്ങള്‍ക്ക് പുറമെ ഭിന്നശേഷി സമൂഹത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ചിട്ടുള്ള വിവിധ പദ്ധതികളെക്കുറിച്ച് ബോധ്യപ്പെടുത്തുന്ന വിഭാഗങ്ങള്‍, ഭിന്നശേഷിക്കാരുടെ പരിപാലനവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസുകള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയും സംഘടിപ്പിക്കും.