ബെംഗളൂരു: ബെംഗളൂരുവിൽ വിദഗ്ധ ചികിത്സയ്ക്ക് എത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സ്കാനിംഗിന് വിധേയനാക്കിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ബെംഗളുരുവിലെ എച്ച്സിജി ആശുപത്രിയിലാണ് പരിശോധനകൾ നടത്തിയത്. ഡോ. യു എസ് വിശാൽ റാവുവാണ് ഉമ്മൻചാണ്ടിയുടെ ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്. ഡോക്ടറുടെ നിർദേശപ്രകാരമാണ് സ്കാനിംഗ് നടത്തിയത്. സ്കാനിംഗ് ഫലം നാളെ ലഭിക്കും. ഈ ഫലം വിലയിരുത്തിയ ശേഷമായിരിക്കും തുടർ ചികിത്സ തീരുമാനിക്കുക.
ഇന്ന് ഡോക്ടർമാർ ചേര്‍ന്ന യോഗത്തിലാണ് സ്കാനിംഗ് അടക്കമുള്ള പരിശോധനകൾ നടത്താന്‍ തീരുമാനിച്ചത്. അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തപ്പോൾ നടത്തിയ പ്രാഥമിക പരിശോധനകളിൽ രോഗപ്രതിരോധ ശേഷി കുറഞ്ഞിട്ടില്ല എന്നത് ആശ്വാസകരമാണെന്ന് ഡോക്ടർമാർ വിലയിരുത്തി. എന്നാൽ അദ്ദേഹത്തിന് പോഷകാഹാരക്കുറവുണ്ട്. അത് പരിഹരിക്കാൻ വേണ്ട ചികിത്സാക്രമങ്ങളും ഇപ്പോൾ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.