Press Club Vartha

വിനോദസഞ്ചാര മേഖലയിൽ അനന്തസാധ്യതകളുമായി അരുവിക്കര ടൂറിസം പദ്ധതി

തിരുവനന്തപുരം: തലസ്ഥാന ജില്ലയുടെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണർവേകാൻ അരുവിക്കര ടൂറിസം പദ്ധതി തയ്യാറാകുന്നു. അരുവിക്കര ഡാം ടൂറിസം പദ്ധതിയുടെ തുടർ നടപടികൾ ചർച്ച ചെയ്യുന്നതിന്റെ ഭാഗമായി ജി. സ്റ്റീഫൻ എം.എൽ.എയും ജില്ലാ കളക്ടർ ജെറോമിക് ജോർജും കഴിഞ്ഞ ദിവസം പദ്ധതി പ്രദേശം സന്ദർശിച്ചു.

ജലവിഭവ വകുപ്പിന്റെ അധീനതയിലുള്ള പ്രദേശം വിനോദസഞ്ചാര വകുപ്പിന് വിട്ട് നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സന്ദർശനത്തിൽ ചർച്ചയായി. വിനോദസഞ്ചാര വകുപ്പിന് എൻ.ഒ.സി നൽകാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരോട് ജില്ലാ കളക്ടർ നിർദേശിച്ചു. പദ്ധതിയുടെ ഭാഗമായി ഡാം പ്രദേശത്തെ ലാൻഡ് സ്‌കേപിംഗ്, കുട്ടികൾക്കുള്ള ശിവ പാർക്ക് പുനർനിർമാണം, റിസർവോയറിലെ ബോട്ടിംഗ്, വനക്കുഴി ടണലിന്റെ ടൂറിസം സാധ്യതകൾ എന്നിവ പരിശോധിക്കാൻ ഡി. റ്റി.പി.സിയെ ചുമതലപ്പെടുത്തി. 1.86 കോടി രൂപയാണ് അരുവിക്കര ടൂറിസം പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. മൂന്ന് ഘട്ടങ്ങളായി പദ്ധതി യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യം.

അരുവിക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഡി.റ്റി.പി.സി, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവരും സന്ദർശന സംഘത്തിലുണ്ടായിരുന്നു.

Share This Post
Exit mobile version