ഭോപ്പാല്‍: രാജസ്ഥാനിൽ നിന്ന് കാണാതായ രണ്ട് യുവാക്കളെ ഹരിയാനയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലെ പഹാരി തഹസിൽ ഘട്മീക ഗ്രാമ വാസികളായ നസീർ (25), ജുനൈദ് എന്ന ജുന (35) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പശുക്കടത്ത് ആരോപിച്ച് യുവാക്കളെ തട്ടിക്കൊണ്ടുപോയവർ ചുട്ടു കൊല്ലുകയായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പരാതി നൽകിയത്. സംഭവത്തിൽ ആറ് ബജ്റംഗ്ദൾ പ്രവർത്തർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹങ്ങൾ ഹരിയാനയിലെ ഭിവാനി ജില്ലയിൽ കാറിൽ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
രാജസ്ഥാനിൽ നിന്ന് ബുധനാഴ്ചയാണ് ഇരുവരെയും അജ്ഞാതർ തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറഞ്ഞു. വാഹനത്തിന്റെ ഉടമ അസീൻ ഖാൻ എന്നയാളാണെന്നും കൊല്ലപ്പെട്ടവരുടെ പരിചയക്കാരനാണ് ഇയാളെന്നും പൊലീസ് വ്യക്തമാക്കി. യുവാക്കളെ തട്ടിക്കൊണ്ടുപോയവർ തീകൊളുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹങ്ങൾ കുടുംബത്തിന് വിട്ടുനൽകും. വിവിധ വകുപ്പുകൾ പ്രകാരം രാജസ്ഥാനിലെ ഗോപാൽ ഗഡ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.