തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് അനുബന്ധമായി 75 കിലോമീറ്റർ വ്യവസായ ഇടനാഴി നിർമ്മിക്കാനുളള പദ്ധതിയിൽ നിന്ന് തേക്കട മുതൽ മംഗലപുരം വരെ 12 കിലോമീറ്റർ ഒഴിവാക്കണമെന്ന് ദേശീയപാത അതോറിട്ടി (എൻ.എച്ച്.എ) അറിയിച്ചു. ജനസാന്ദ്രത കൂടിയ മേഖയിൽ ഭൂമിയേറ്റെടുക്കൽ ദുസഹമാകുമെന്നാണ് എൻ.എച്ച്.എയുടെ റിപ്പോർട്ടിൽ പറയുന്നത്. മാത്രമല്ല തേക്കടയിൽ നിന്ന് മംഗലപുരത്തേക്കുള്ള ലിംഗ് റോഡ് അനാവശ്യമാണെന്നും എൻ.എച്ച്.എ സർക്കാരിനെ അറിയിച്ചു.
വിഴിഞ്ഞം- നാവായിക്കുളം റിംഗ് റോഡിനായി 95 ശതമാനം കല്ലിട്ട് ഭൂമിയേറ്റെടുക്കൽ നടപടികൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. എന്നാൽ തേക്കട-മംഗലപുരം റോഡിൽ പ്രതിഷേധം കാരണം കല്ലിടൽ പോലും ആരംഭിച്ചിരുന്നില്ല.കേന്ദ്രസർക്കാരിന്റെ ഭാരത് മാല പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡ് നിർമാണം ദേശീയപാത അതോറിട്ടിയെയാണ് ഏൽപ്പിച്ചിരിക്കുന്നത്. തങ്ങളുടെ തീരുമാനം അനൗദ്യോഗികമായി സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും കാര്യമായ എതിർപ്പൊന്നും അവരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും ഒരു ഉന്നത ഉദ്യോഗസ്ഥൻ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ 63 കിലോമീറ്ററാണ് ഔട്ടർറിംഗ് റോഡിനായി ആദ്യം നിശ്‌ചയിച്ചിരുന്നത്.സർക്കാർ പ്രത്യേകം താത്പര്യമെടുത്താണ് തേക്കട മുതൽ മംഗലപുരം വരെയുളള റോഡിനെയും പദ്ധതിയുടെ ഭാഗമാക്കിയത്.റോഡുകളുടെ നിർമാണത്തിനായി 1000 കോടി രൂപ ഈ വർഷത്തെ ബഡ്‌ജറ്റിൽ വകയിരുത്തിയിരുന്നു.