Press Club Vartha

കെഎസ്ആര്‍ടിസിയിലെ ശമ്പള വിവാദം; മന്ത്രി ആന്‍റണി രാജുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിഐടിയു

 

പത്തനംതിട്ട: കെഎസ്ആര്‍ടിസിയിലെ ശമ്പള വിവാദത്തില്‍ മന്ത്രി ആന്‍റണി രാജുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിഐടിയു. വേതാളത്തെ ചുമക്കലാവരുത് ഗതാഗത മന്ത്രിയുടെ പണിയെന്ന് സിഐടിയു. സിഎംഡിയുടെ വാക്ക് കേട്ട് എന്തും ചെയ്യാൻ ഇറങ്ങരുതെന്നും വകുപ്പിൽ നടക്കുന്നതൊന്നും മന്ത്രി ആന്റണി രാജു അറിയുന്നില്ലെന്നും സിഐടിയു വിമര്‍ശനം ഉന്നയിച്ചു.

കെഎസ്ആര്‍ടിസിയിൽ ശമ്പളം ഗഡുക്കളായി നൽകാനുള്ള ഉത്തരവിൽ അപാകതയില്ലെന്നും വേണമെങ്കില്‍ ചര്‍ച്ചയാകാമെന്നുമുള്ള ഗതാഗതമന്ത്രിയുടെ നിലപാഡിൽ പ്രതിഷേധം അറിയിച്ചാണ് സിഐടിയു രംഗത്തെത്തിയത്. ജീവനക്കാരെ മൊത്തത്തില്‍ ബാധിക്കുന്ന വിഷയത്തില്‍ തീരുമാനമെടുത്തശേഷം വേണമെങ്കില്‍ ചര്‍ച്ചയാകാം എന്ന രീതി ഇടതുപക്ഷ സര്‍ക്കാരിന്‍റെ നയത്തിന് വിരുദ്ധമാണെന്ന് സിഐടിയു കുറ്റപ്പെടുത്തുന്നു.

നിഷേധ നിലപാട് മാനേജ്മെന്‍റ് സ്വീകരിക്കുന്നതിന് പിന്നില്‍ മറ്റെന്തോ അജണ്ടയാണെന്നും ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ മന്ത്രിമാരെ സോപ്പിട്ട് വശത്താക്കുകയാണെന്നും ഇത്തരക്കാരെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നുമാണ് സിഐടിയുവിന്‍റെ ആവശ്യം. ശമ്പളത്തിന് ടാര്‍ഗറ്റ് വ്യവസ്ഥ കൊണ്ടുവരാനുള്ള നീക്കത്തില്‍ എംഡി ബിജു പ്രഭാകറുമായി കടുത്ത ഭിന്നതയിലാണ് തൊഴിലാളി സംഘടനകള്‍.

Share This Post
Exit mobile version