Press Club Vartha

തെങ്കാശിയിൽ റെയിൽവേ ജീവനക്കാരിയെ ആക്രമിച്ച സംഭവം; പത്തനാപുരം സ്വദേശി പിടിയിൽ

ചെന്നൈ: തമിഴ്നാട് തെങ്കാശിയിൽ മലയാളിയായ റെയിൽവേ ജീവനക്കാരിയെ അക്രമിച്ച പ്രതി പിടിയിൽ. അറസ്റ്റിലായത് കൊല്ലം പത്താനാപുരം സ്വദേശി അനീഷാണ്. 28-കാരനായ ഇയാളെ ചെങ്കോട്ടയിൽ വച്ചാണ് പിടികൂടുയത്.

ഇയാൾ തെങ്കാശിയിൽ പെയിന്‍റിങ് തൊഴിലാളിയായിരുന്നു. സംഭവം നടന്നത് വ്യാഴാഴ്ച രാത്രി 8നും 9നും ഇടയിലാണെന്ന് യുവതി പറയുന്നു. ഗാർഡ് റൂമിൽ ഫോൺ ചെയ്യുന്നതിനിടെ അക്രമി മുറിയിലേക്ക് അതിക്രമിച്ച് കയറി യുവതിയെ ഉപദ്രവിക്കുകയായിരുന്നു. കൊല്ലം കുന്നിക്കോട് സ്റ്റേഷന്‍ പരിധിയിലും ഇയാൾക്കെതിരെ സമാന രീതിയിൽ കേസ് നിലവിലുണ്ടെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.

ആദ്യം അക്രമി കല്ലുകൊണ്ട് യുവതിയുടെ മുഖത്തിടിച്ചു. പുറത്തേക്ക് ഇറങ്ങി ഓടാന്‍ ശ്രമിച്ച യുവതിയെ അക്രമി വീണ്ടും കടന്നു പിടിക്കുകയും ട്രാക്കിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. പീഡിപ്പിക്കാന്‍ ശ്രമിച്ചതായും യുവതി പരാതിയിൽ പറയുന്നു. തുടർന്ന് അക്രമിയിൽ നിന്ന് കുതറിമാറി യുവതി ഓടി രക്ഷപ്പെടുകയായിരുന്നു. സംശയമുള്ള നിരവധി പേരെ ചോദ്യം ചെയ്തിരിന്നു. ഇതരസംസ്ഥാന തൊഴിലാളികളെ അടക്കം നിരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

പ്രതി അനീഷിനെ പിടികൂടാൻ സഹായകമായത് ഇയാൾ ധരിച്ചിരുന്ന കാക്കി പാന്‍റ്സ്. സിസിടിവി ദൃശ്യങ്ങൾ വിലയിരുത്തിയാണ് പ്രതിയെ കണ്ടെത്തിയത്. അതിക്രമം ഉണ്ടായ സ്ഥലത്ത് അനീഷിന്‍റെ ഒരു ചെരുപ്പ് ഉണ്ടായിരുന്നു. ഇതിൽ പെയിന്‍റ് വീണ പാടുകളും ഉണ്ടായിരുന്നു. ഇതാണ് പ്രതി പെയിന്‍റിങ് തൊഴിലാളിയാണെന്ന നിഗമനത്തിലേക്ക് എത്തിയത്.

Share This Post
Exit mobile version