Press Club Vartha

സയ്യിദ് അഖ്തർ മിർസ; കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പുതിയ ചെയർമാൻ

തിരുവനന്തപുരം: പ്രമുഖ ചലച്ചിത്രകാരന്‍ സയ്യിദ് അഖ്തര്‍ മിര്‍സയെ കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാനായി നിയമിച്ചു. നേരത്തെ പുനൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായിരുന്നു ഇദ്ദേഹം. സംസ്ഥാന സർക്കാർ അടൂർ ഗോപാലകൃഷ്ണൻ രാജിവെച്ച ഒഴിവിലേക്കാണ് ഇന്ത്യയിലെ വിഖ്യാത ചലച്ചിത്രകാരനെ നിയമിക്കുന്നത്. രണ്ട് തവണ ദേശീയ പുരസ്കാരം നേടിയ വ്യക്തിയാണ് സയ്യിദ് അഖ്തർ മിർസ. അടൂർ തന്റെ ഉറ്റ സുഹൃത്തും താൻ അടൂരിന്റെ ആരാധകനുമാണെന്ന് സയ്യിദ് അഖ്തർ മിർസ പ്രതികരിച്ചു. ഇന്ന് തന്നെ കോട്ടയത്ത് എത്തി വിദ്യാർത്ഥികളുമായും അധ്യാപകരുമായും കൂടിക്കാഴ്ച നടത്തുമെന്നും പ്രശ്നങ്ങൾക്ക് കൂട്ടായി പരിഹാരം കാണുമെന്നും അദ്ദേഹം അറിയിച്ചു.

കുട്ടികളുടെ പഠനം തുടരണം. വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തിയാവണം എല്ലാ പ്രവർത്തനവും. അനുരാഗ് കശ്യപ് ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകർ ഇൻസ്റ്റിറ്റ്യൂട്ടിലെത്തും. മാസ്റ്റേഴ്‌സ് ഇൻ റസിഡന്റ്‌സ് പദ്ധതി നിലവിൽവരുമെന്നും അദ്ദേഹം അറിയിച്ചു.

പുതിയ ചെയര്‍മാന്‍ വരുന്നതോടെ ഇന്‍സ്റ്റിറ്റിയൂട്ടിനു പുതിയ തുടക്കമാവുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. സയിദ് മിര്‍സയ്ക്കു കീഴില്‍ ഇന്‍സ്റ്റിറ്റിയൂട്ട് മികവിന്റെ കേന്ദ്രമായി മാറുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

ജനുവരി 31നായിരുന്നു അടൂർ ഗോപാലകൃഷ്ണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം ഒഴിഞ്ഞത്. മാർച്ച് 31ന് കാലാവധി തീരാനിരിക്കെയായിരുന്നു രാജി.

Share This Post
Exit mobile version