Press Club Vartha

സമ്മോഹന്‍ ദേശീയ കലാമേളയ്ക്ക് ഹൃദ്യമായ വരവേല്‍പ്പ്; ആവേശമായി ഭിന്നശേഷിക്കുട്ടികളുടെ വിളംബര ഘോഷയാത്ര

തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിലെ തനത് കലാരൂപങ്ങളും വാദ്യമേളങ്ങളും വര്‍ണാഭമായ അലങ്കാരങ്ങളും സമ്മേളിച്ച അപൂര്‍വ നിമിഷമായി ഭിന്നശേഷിക്കുട്ടികളുടെ വിളംബര ഘോഷയാത്ര. സമ്മോഹന്‍ ദേശീയ ഭിന്നശേഷി കലാമേളയുടെ ഭാഗമായി ഇന്നലെ കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ നടന്ന വിളംബര ജാഥയാണ് കാണികളെ വിസ്മയിപ്പിച്ചത്. കലാമേളയ്ക്ക് തുടക്കം കുറിച്ച് മന്ത്രി പി.രാജീവ് പതാക ഉയര്‍ത്തി. തുടര്‍ന്ന് കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിന് മുന്‍വശത്തുനിന്നും ആരംഭിച്ച ഭിന്നശേഷിക്കുട്ടികളുടെ ഘോഷയാത്രയില്‍ നൂറുകണക്കിന് ഭിന്നശേഷിക്കുട്ടികള്‍ പങ്കെടുത്തു.

അവര്‍ക്ക് പിന്തുണയര്‍പ്പിച്ച് രക്ഷിതാക്കളും അദ്ധ്യാപകരും ഒത്തുചേര്‍ന്നു. മന്ത്രിക്കൊപ്പം കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, കിന്‍ഫ്ര എം.ഡി സന്തോഷ് കോശി തോമസ്, കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോപാര്‍ക്ക് ചെയര്‍മാന്‍ ജോര്‍ജ്കുട്ടി അഗസ്റ്റി, ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി മനോജ് കുമാര്‍, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, പോള്‍ കറുകപ്പള്ളില്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

കിന്‍ഫ്ര ഗേറ്റില്‍ നിന്നാരംഭിച്ച ഘോഷയാത്ര ഡിഫറന്റ് ആര്‍ട് സെന്ററില്‍ അവസാനിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ മന്ത്രി പി.രാജീവ് സമ്മോഹന്‍ തീം സോംഗ് പ്രകാശനം ചെയ്തു. സമ്മോഹന്‍ കലാമേള ഭിന്നശേഷിക്കാരുടെ മികവുകള്‍ കൊണ്ട് സമൃദ്ധമാകുമെന്ന് മന്ത്രി ആശംസിച്ചു. കേരളത്തിന് ഇതൊരു അഭിമാന പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share This Post
Exit mobile version